പുഴയെ മറക്കണമെത്രേ
പക്ഷേ എവിടെ നിന്ന്‍?
വസന്തത്തില്‍-
അവള്‍ക്ക് പാവടക്കാരി പെണ്‍കുട്ടിയുടെ മുഖം
യഥാര്‍ത്യങ്ങളെയൊക്കെ തള്ളികളയാമെന്ന ഭാവം
ആകപ്പാടെ എന്തിനോടും അഭിനിവേശം
ഓളങ്ങള്‍ക്ക് ചടുലത.
അന്നേരം
നീര്‍മരുതിന്‍ പൂക്കള്‍ അവളിലെ പച്ചപ്പില്‍
എത്ര സുന്ദരം!
വേനലില്‍-
അവള്‍ അമ്മയാകുന്നു-മലയുടെ, മരത്തിന്റെ,
എല്ലാറ്റിന്റെയും.
ആര്‍ദ്രത-എത്ര മുഗ്ദ്മായ ഭാവം!
എന്തും സ്വീകരിക്കാനുള്ള വെമ്പലിലാണവള്‍.
തീരത്തെ മടിച്ചുമടിച്ചു തഴുകിയകലുന്ന ഓളങ്ങള്‍.
അപ്പോള്‍ ആകാശം പോലും അവളിലേക്ക്
തന്റെ നീലനിറം പകരുന്നു.
ആ സാരള്യത്തിലാണ് അതിനാഴം കൂടുന്നതെന്ന്
എത്രപേരറിയുന്നു.
മഴക്കാലം-
അവളില്‍ വിധവയുടെ ചുളിവുകള്‍.
ഇനി പരിത്യജികേണ്ടതെന്തിനെ?
വൈരാഗ്യം പതയുന്ന ചുളിവുകള്‍ ആരായുന്നു.
ഓളങ്ങള്‍ വീറോടെ തല്ലിയലച്ച് തീരത്തിന്റെ
സ്വച്ഛതയെ ചോദ്യം ചെയ്യുന്നു.
വിഷാദത്തിന്റെ നിറങ്ങള്‍ അവളില്‍ രൂക്ഷത നേടുന്നു.
അവളെ മറക്കാന്‍ ശ്രമിക്കുമ്പോള്‍,
ഞാനാകെ വരളുന്നു,
ഞാനവളിലൊരിക്കലും ചേക്കേറിയിട്ടില്ലല്ലോ.
എന്നെ മറക്കാന്‍ മാത്രമുള്ള
പാഠങ്ങളെ എന്റെ ചതുപ്പിലൂള്ളൂ.
വരള്‍ച്ചക്കൊടുവില്‍ എന്നില്‍ കവിഞ്ഞതെല്ലാത്തിനേയും
മറക്കാന്‍ ഞാന്‍ പടിച്ചേക്കാം
-സൂര്യ ബിനോയ്