Home About Members Register

Author Archive

മുഗള്‍ ഗഫൂര്‍

മനാഫ് സി വഴിക്കടവ്
വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. വിശ്രുത മലയാള ചെറുകഥാകൃത്ത് ടി പദ്മനാഭനെ ആദരിക്കാനായി അബുദാബിയിലെ ഒരു സാംസ്‌കാരിക സംഘടന വിളിച്ചു ചേര്‍ത്ത സമ്മേളന വേദിയാണ് രംഗം. ചടങ്ങിനിടയില്‍ തനിക്ക് ലഭിച്ച പൊന്നാട, ടി പദ്മനാഭന്‍ തൊട്ടടുത്ത് പുഞ്ചിരിതൂകി നിന്ന ഒരാളെ അണിയിക്കുന്നു. ഇതാണെന്റെ ഉമ്മര്‍ഭായി കഥാകൃത്ത്, തന്റെ കഥാപാത്രത്തെ ആദരിക്കുന്ന അപൂര്‍വ്വ ചടങ്ങായത് മാറി. പൊന്നാട ലഭിച്ച ഉമ്മര്‍ഭായിയെന്ന അസാധാരണകഥാപാത്രം പൊന്നാനി, പാലപ്പെട്ടി സ്വദേശി അബ്ദുള്‍ ഗഫൂറെന്ന മുഗള്‍ ഗഫൂറായിരുന്നു.
ഫെബ്രുവരി 8-ാം തീയതി ബുധനാഴ്ചയുടെ പകലിന്റെ അഭിശപ്തമായ ഏതോ മുഹൂര്‍ത്തത്തില്‍ വിലപ്പെട്ട തന്റെ ജീവനൊടുക്കാന്‍ മുഗള്‍ ഗഫൂറെന്ന അമ്പത്തെട്ടുകാരനെ പ്രേരിപ്പിച്ചതെന്തായിരുന്നു? പരിചയപ്പെടുന്ന മാത്രയില്‍ തന്നെ ഏതൊരാളെയും തന്റെ മാസ്മരിക പുഞ്ചിരിയിലൂടെ ഹൃദയത്തിലേക്ക് ആവാഹിച്ച് കുടിയിരുത്തിയിരുന്ന ഈ മനുഷ്യന് ഇങ്ങനെയൊരു തോന്നലുണ്ടാകുമെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ആരും കരുതി കാണില്ല.
എഴുപതുകളുടെ തുടക്കത്തില്‍ തന്റെ പതിനെട്ടാം വയസില്‍ അബുദാബിയിലെത്തിയ അബ്ദുള്‍ ഗഫൂര്‍, 1981 ല്‍ മുഗള്‍ റസ്റ്റോറന്റ് ആരംഭിച്ചതോടെയാണ് മുഗള്‍ ഗഫൂറായത്. അബുദാബി മലയാളി സമാജം, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങിയ അംഗീകൃത സംഘടനകളിലെ സജീവാംഗമായിരുന്ന ഗഫൂര്‍ക്കയുടെ പരിചയവലയത്തിലില്ലാത്തവര്‍ അബുദാബിയില്‍ ചുരുക്കമാണ്. യു എ ഇയിലെ ഏറ്റവും പ്രശസ്തനായ സി പി ഐക്കാരന്‍ മുഗള്‍ ഗഫൂറല്ലാതെ മറ്റാരുമായിരുന്നില്ല. തന്റെ വിശ്വാസ പ്രമാണങ്ങളില്‍ അടിയുറച്ച് നില്‍ക്കുമ്പോള്‍ തന്നെ ഇതര രാഷ്ട്രീയക്കാരോട് അനിതരസാധാരണമായ ഹൃദയബന്ധം സൂക്ഷിക്കാനായി എന്നതാണ് ഗഫൂറിനെ ജനകീയനാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചത്.
അബുദാബിയിലെ ഒട്ടുമിക്ക സാംസ്‌കാരിക സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും ഒത്തു ചേരലിന്റെ സ്ഥിരം വേദിയായിരുന്നു മദീന സയ്യിദിലെ പഴയമുഗള്‍ റസ്റ്റോറന്റ്. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും വൈകുന്നേരമായാല്‍ റസ്റ്റോറന്റിന്റെ മുകള്‍നില യോഗങ്ങള്‍ കൊണ്ടും കൂടിചേരല്‍കൊണ്ടും ശബ്ദമുഖരിതമാകും. കേരളത്തില്‍ നിന്നും അബുദാബിയിലെത്തിയിട്ടുള്ള ഒട്ടുമിക്ക രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത, കലാ രംഗങ്ങളിലെയും പ്രമുഖര്‍ക്ക് ആഥിത്യമരുളാന്‍ ഈ ഇടത്തരം റസ്റ്റോറന്റിന് കഴിഞ്ഞത് മുഗള്‍ ഗഫൂറിന്റെ വിപുലമായ ബന്ധങ്ങളുടെ ആഴം വിളിച്ചറിയിക്കുന്നു.
യുവകലാസാഹിതി  എന്ന സാംസ്‌കാരിക സംഘടന ഒരു പക്ഷെ മുഗള്‍ ഗഫൂറില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ നിലയില്‍ രൂപം കൊള്ളുമായിരുന്നുവോ എന്ന് തന്നെ സംശയമാണ്.
ഫ്രണ്ട്‌സ് എ ഡി എം എസിന്റേയും യുവകലാസാഹിതിയുടെ മുഖ്യരക്ഷാധികാരിയായിരുന്ന മുഗള്‍ ഗഫൂറിന്റെ അകാലമരണം സൃഷ്ടിച്ച ശൂന്യതയിലാണ് യുവകലാസാഹിതിയുടേയും, ഫ്രണ്ട്‌സ് എ ഡി എം എസിന്റേയും പ്രവര്‍ത്തകര്‍.
കേരളത്തിലെ പ്രമുഖ മുസ്ലീംനേതാവായിരുന്ന കെ എം സീതിസാഹിബിന്റെ മകളുടെ മകളായ നൂര്‍ജഹാനാണ് ഭാര്യ. മൂത്തമകന്‍ ഗൊബാഷ് എറണാകുളത്ത് എഞ്ചിനീയറാണ്. രണ്ടാമത്തെ മകന്‍ നിയാസ് പഠനം പൂര്‍ത്തിയായി നില്‍ക്കുന്നു. മൂന്നാമത്തെ മകള്‍ ആയിഷ വിദ്യാര്‍ഥിനിയാണ്.

തങ്ങളുടെ പ്രിയപ്പെട്ട ഗഫൂര്‍ക്കയെ അവസാനമായി ഒരുനോക്ക് കാണുവാനായി പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട വന്‍ജനാവലിയാണ് അബുദാബി സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറി പരിസരത്ത് തടിച്ചുകൂടിയത്. അദ്ദേഹത്തിന്റ ജനകീയതയുടെ അംഗീകാരമായി അബുദാബിയിലെയും, ഇതര എമിറേറ്റ്‌സുകളിലെയും ഒട്ടുമിക്ക സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികള്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നിരുന്നു

മുഗള്‍ ഗഫൂറിനു ആദരാഞ്ജലികള്‍

മുഗള്‍ ഗഫൂറിന്റെ വേര്‍പാട് യുവകലാസാഹിതിയുടെ ഒടുങ്ങാത്ത വേദനയാണ്.  ഈ വാര്‍ത്ത കേട്ട് ഒരു നിമിഷം അസ്തപ്രജ്ഞാരായിപ്പോയി. ഞങ്ങള്‍  ഈ സത്യത്തിനു മുന്നില്‍ തലകുനിക്കുന്നു.    
മനുഷ്യകുലത്തിന്റെ ആകുലതകളെയും ബുദ്ധിമുട്ടുകളെയും ഉരുക്ക് മതിലായി പ്രതിരോധിക്കാനുള്ള മാനസികവും ഭൌതികവുമായ തന്റേടം ജീവിതത്തിലുടനീളം പ്രകടിപ്പിച്ച അദ്ദേഹം ഞങ്ങളുടെ മാര്‍ഗ്ഗദീപമായി എന്നും നിലനില്‍ക്കും. 

യു. ഏ. ഇ. യില്‍ യുവകലാസാഹിതി രൂപീകരിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനം നയിക്കുന്നതിലും ശ്രദ്ധേയമായ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്. മാനുഷിക ദര്‍ശനങ്ങളില്‍ ഏറ്റവും അപ്രതിരോധ്യമായ ആദര്‍ശത്തില്‍ വിശ്വസിച്ച മുഗള്‍ ഗഫൂറിന്റെ നിര്യാണത്തില്‍ യുവകലാസാഹിതി യു. ഏ. ഇ. കേന്ദ്രസമിതി  അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

സുകുമാര്‍ അഴികോടിന് ആദരാഞ്ജലികള്‍

ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടി, നാടുവാഴിത്തത്തിനെതിരെ ജനവിമോചനത്തിനു  വേണ്ടി, അധികാരധൂര്‍ത്തിനും അഴിമതിക്കുമെതിരെ സ്വതന്ത്ര ജീവിതത്തിനു വേണ്ടി.. അലയടങ്ങാത്ത ഭാഷയെ ആയുധമാക്കി പോരാടിയ മികച്ച സാംസ്കാരികപ്രവര്‍ത്തകനും അതുല്യ സാഹിത്യകാരനുമായ  ശ്രീ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം പ്രകാശമാനമായ ഒരു ചരിത്രകാലഘട്ടത്തിന്റെ അന്ത്യമാണ് കുറിക്കുന്നത്. കാലത്തിന്റെ തിരയ്ക്കുള്ളില്‍ മറഞ്ഞ സുകുമാര്‍ അഴീക്കോടിന് യു. എ. ഇ പ്രവാസികളുടെ സംഘടനയായ യുവകലാസാഹിതി ഷാര്‍ജ യൂണിറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആശയപരമായി നിശിത വിമര്‍ശനങ്ങള്‍ നടത്തുമ്പോഴും, വ്യക്തി ബന്ധങ്ങളില്‍ സൌഹൃദത്തിന്റെ ആര്‍ദ്രത നില നിര്‍ത്തിയ മഹാനായ മനുഷ്യന്‍ ആയിരുന്നു അഴീക്കോട്‌ മാഷ്‌. എഴുത്തുകാരനും, വാഗ്മിയുമായിരുന്ന അദ്ധേഹത്തിന്റെ മരണം കേരളത്തിന്റെ സാംസ്കാരിക മുഖത്തിന്‌ നികത്താനാവാത്ത ശൂന്യത സമ്മാനിച്ചിരിക്കുന്നുവെന്നും അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന് ഗള്‍ഫ്‌ പണത്തിന്റെ ഒഴുക്കും അടിത്തറയായി : ഗീത ഗോപി എം.എല്‍.എ.

കേരളത്തിലെ  സ്ത്രീ  ശാക്തീകരണത്തിന്    ഗള്‍ഫ്‌  പണത്തിന്റെ  ഒഴുക്കും  അടിത്തറയായി  : ഗീത ഗോപി എം.എല്‍.എ.

ദുബായ്: ഇന്ത്യയിലെ  മറ്റു സംസ്ഥാനങ്ങളില്‍  നിന്നു  വിഭിന്നമായി  കേരളത്തില്‍  ഉണ്ടായ  സ്ത്രീ  ശാക്തീകരണത്തിന്  ഗള്‍ഫിലേക്ക്  പോയ  മലയാളികള്‍  കേരളത്തില്‍  എത്തിച്ച  പണത്തിന്റെ  പങ്കിനെ  ചെറുതായി  കാണാനാവില്ലെന്നു  കേരള  മഹിളാ സംഘം സംസ്ഥാന  വൈസ്  പ്രസിഡന്റും  നാട്ടിക എം.എല്‍.എ യുമായ  ഗീത ഗോപി  പറഞ്ഞു. ദുബായ്  റോയല്‍ പാലസ് ഹോട്ടലില്‍  യുവകലാസാഹിതി  യു.എ.ഇ  യുടെ വനിതാ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം  ചെയ്യുകയായിരുന്നു  ഗീത ഗോപി.ഗള്‍ഫ്‌ പ്രവാസികളുടെ  കുടുംബങ്ങളിലെ  സ്ത്രീകളെ സ്വയം  പര്യാപ്തരാകാനും  സാമ്പത്തിക  സ്വാതന്ത്ര്യം  നേടാനും  സാധിച്ചത്  ഇത് മൂലമാണ് .കേരളത്തിലെ ഇടതു പക്ഷ ഗവണ്മെന്റുകള്‍  നടപ്പാക്കിയ പദ്ധതികളാണ്  സ്ത്രീകളെ  സമൂഹത്തിന്റെ  പൊതുധാരയില്‍  എത്തിക്കുന്നതില്‍  മുഖ്യ  പങ്കു വഹിച്ചത്.ത്രിതല  പഞ്ചായത്ത്  തലത്തിലെ  സ്ത്രീ സംവരണം  കേരത്തില്‍  നടപ്പാക്കിയ പരിപാടികളില്‍  വിപ്ലവകരമായതാനെന്നും  അവര്‍ കൂട്ടിചേര്‍ത്തു. ഗവണ്‍ മെന്റുകള്‍  നടപ്പാക്കുന്ന  പല നല്ല കാര്യങ്ങളും  ജനങ്ങളില്‍  എത്തുന്നതില്‍  തടയുന്നത്  ഉദ്യോഗസ്ഥ മേധാവിത്തം  മൂലമാണ്. ജനാധിപത്ത്യത്തിന്റെ  ശക്തമായ  ഇടപെടലുകള്‍  ഉണ്ടെങ്കില്‍  മാത്രമേ  ഇതിനെതിരെ മുന്നേറാനാവൂ .ശുചിതത്തിന്റെ  കാര്യത്തില്‍  യു.എ.ഇ  കേരളത്തിന്‌  മാതൃകയാണ്. നാടിന്റെ യും വീടിന്റെയും  വൃത്തിക്ക്  മുന്‍കൈ  എടുത്ത് ഇറങ്ങേണ്ടത്  സ്ത്രീ സമൂഹമാണ്. നാട്ടിക മണ്ഡലത്തില്‍  സമ്പൂര്ണ  ശുചിത്ത  പദ്ധതിക്കും, പ്ലാസ്റിക്  വര്‍ജനതിനും  തുടക്കം കുറിച്ചതായി  ഗുരുവായൂര്‍  നഗരസഭയെ  സമ്പൂര്ണ  പ്ലാസ്റ്റിക്ക്  വര്‍ജനത്തിലെക്ക്  നയിച്ച മുന്‍  ചെയര്‍ പെര്‍സണ്‍  കൂടിയായ  ഗീത ഗോപി  കൂട്ടി ചേര്‍ത്തു. നാല്പതാം  ജന്മദിനം  ആഘോഷിക്കുന്ന  യു.എ.ഇ  ജനതയോടുള്ള  യുവകലാ സാഹിതി  യുടെ  ഐക്യ ദാര്‍ ഡിയ പ്രമേയം  യുവകലാസാഹിതി  യു.എ.ഇ  ജോയിന്റ് സെക്രെറെരി  വിജയന്‍ നണിയൂര്‍  അവതരിപ്പിച്ചു.സംഗീത  സുമിത്  അദ്ധ്യക്ഷത വഹിച്ചു. പി.എന്‍ വിനയചന്ദ്രന്‍ ,യു.വിശ്വനാഥന്‍,ബിന്ദു സതീഷ്‌   എന്നിവര്‍  ആശംസകള്‍  നേര്‍ന്നു.റോജ  പ്രകാശ് സ്വാഗതവും, ശ്രീലത  വര്‍മ  നന്ദിയും പറഞ്ഞു. സമ്മേളന ത്തോ ട നു ബ ന്ധി  ച്ചു  നടന്ന  ”മരുഭൂവിലെ  പെണ്‍സര്‍ഗാത്മകജീവിതം ” എന്ന ഓപ്പണ്‍  ഫോറത്തില്‍ യുവകലാസാഹിതി  യു.എ.ഇ  ജനറല്‍  സെക്രെട്ടെരി  ഇ.ആര്‍.ജോഷി മോഡറെറ്റര്‍  ആയിരുന്നു.ഗീത ഗോപി എം.എല്‍.എ  അഡ്വ.ബിന്ദു എസ്.ചേറ്റൂര്‍ , ഷീബ ഷിജു. അഡ്വ.ആയിഷ  സക്കീര്‍, റീന സലിം, സംഗീത  സുമിത്  എന്നിവര്‍  പങ്കെടുത്തു. യുവകലാസാഹിതി  ദുബായ് കമ്മിറ്റി  നടത്തിയ  കുട്ടികളുടെ  ക്യാമ്പ്‌  കളിവീടില്‍  പങ്കെടുത്ത  കുട്ടികള്‍ക്ക്  ഗീത ഗോപി എം.എല്‍.എ  സെര്ട്ടിഫികട്ടുകള്‍  വിതരണം ചെയ്തു. ശ്രീലത വര്‍മ്മ (കണ്‍വീനര്‍) സംഗീത  സുമിത്ത് , ശൈലജ പ്രേംലാല്‍, ധന്യ ഉദയ് ,മിസരിയ ശിഹാബ് (ജോയിന്റ് കണ്‍ വീനര്മാര്‍ ) എന്നിവര്‍  ഭാരവാഹികളായ  25  അംഗ  വനിതാ കമ്മിറ്റി യെ തിരഞ്ഞെടുത്തു.സത്യന്‍  മാറഞ്ചേരി,ഉദയ് കുളനട,കീര്‍ത്തി  അജിത്‌, റൈസ പ്രകാശ്‌  എന്നിവര്‍  നേതൃത്വം  നല്‍കി..

വിധുരന്‍

വിധുരന്‍

സംഗീത സുമിത്

തെക്ക് കോണില്‍ നിന്‍ പട്ടടയെരിയുമ്പോള്‍
സഖീ ..
ഞാന്‍ ഏകനാകുന്നീ മരച്ചോട്ടില്‍
മരിച്ചതു നീയെന്നു പറയുന്നിതെല്ലാവരും
എങ്കിലും അറിയാം മരിച്ചതു ഞാന്‍ തന്നെ
എന്റെ മടിയരാം കൈകളും കാല്‍കളും
പ്രണയം പാടിയ മനസ്സും
തോളില്‍ തട്ടി അകലുന്നു കൂട്ടുകാര്‍
നാട്ടുകാര്‍ വീട്ടുകാര്‍ ഇവിടെ ഞാന്‍ മാത്രം
കൂട്ടം തെറ്റിയ കിളിയെപ്പോലിന്നു
ദിശയറിയാതെ ഉഴറി നില്‍പ്പൂ ..

എന്നോട് പറഞ്ഞത്, പറയാത്തതും

എന്നോട് പറഞ്ഞത്, പറയാത്തതും

ഗീത ശ്രീജിത്ത്

 

ഇന്നലെ രാത്രി,
മഴ ഉറങ്ങാന്‍ അനുവദിക്കാതെ
പായാരം ചൊല്ലികൊണ്ടേയിരുന്നു
എത്രയുണ്ട് സ്നേഹമെന്ന്  ശ്രിഗാരപൂര്‍വ്വം
മെല്ലെ മെല്ലെ നുള്ളി ചോദിച്ചു
അടഞ്ഞു പോയ കണ്ണുകള്‍ മെല്ലെ  തുറന്നു
ഉറങ്ങേണ്ട
എന്നോടൊപ്പം ഇരിക്കൂ എന്ന് പറഞ്ഞു.
വരൂ എന്നോടൊപ്പം ചിലങ്കകള്‍
അണിയിക്കട്ടേ എന്നും
നടനം അറിയില്ലെന്ന് പറഞ്ഞപ്പോള്‍
സാരമില്ല എന്നും
പിന്നെ നോക്കിയിരുന്നു കണ്ണുകളില്‍
ദൂരെ മരുഭൂമികളെ പറ്റി പറഞ്ഞപ്പോള്‍
അതെനിക്കും അറിയില്ല എന്ന് മഴയും
സ്നേഹമറിയാത്ത മനസ്സുകളെ  പറ്റിയും
അലിവുണരാത്ത  കണ്ണുകളെ പറ്റിയും സംസാരിച്ചിരുന്നു
പിന്നെ കുസൃതിയായി
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച വഴിയിലൂടെ
പുഴ പോലൊഴുകി നടന്നപ്പോള്‍
ഒന്ന് പുളഞ്ഞു, കുസൃതി തന്നെ
ഞാനില്ല എന്ന് മടിച്ചപ്പോഴേക്കും
നനഞ്ഞു കഴിഞ്ഞിരുന്നു
പിന്നെ ഒപ്പത്തിനൊപ്പം
അങ്ങനെ.. രാത്രി പോയി വെളുത്തപ്പോള്‍
മഴ പെയ്തു തീര്‍ന്നിരുന്നു
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച പാത
മാഞ്ഞുപോയിരുന്നു
പൊന്മയെപ്പോലുള്ള എന്റെ വാക്കുകള്‍
മഴക്കുളങ്ങളില്‍ കണ്ണും നട്ടിരിപ്പായി ….

വരള്‍ച്ചയ്ക്കൊടുവില്‍

വരള്‍ച്ചയ്ക്കൊടുവില്‍

-സൂര്യ ബിനോയ്

പുഴയെ മറക്കണമെത്രേ
പക്ഷേ എവിടെ നിന്ന്‍?
വസന്തത്തില്‍-
അവള്‍ക്ക് പാവടക്കാരി പെണ്‍കുട്ടിയുടെ മുഖം
യഥാര്‍ത്യങ്ങളെയൊക്കെ തള്ളികളയാമെന്ന ഭാവം
ആകപ്പാടെ എന്തിനോടും അഭിനിവേശം

ഓളങ്ങള്‍ക്ക് ചടുലത.
അന്നേരം
നീര്‍മരുതിന്‍ പൂക്കള്‍ അവളിലെ പച്ചപ്പില്‍
എത്ര സുന്ദരം!

വേനലില്‍-
അവള്‍ അമ്മയാകുന്നു-മലയുടെ, മരത്തിന്റെ,
എല്ലാറ്റിന്റെയും.
ആര്‍ദ്രത-എത്ര മുഗ്ദ്മായ ഭാവം!
എന്തും സ്വീകരിക്കാനുള്ള വെമ്പലിലാണവള്‍.
തീരത്തെ മടിച്ചുമടിച്ചു തഴുകിയകലുന്ന ഓളങ്ങള്‍.
അപ്പോള്‍ ആകാശം പോലും അവളിലേക്ക്
തന്റെ നീലനിറം പകരുന്നു.
ആ സാരള്യത്തിലാണ് അതിനാഴം കൂടുന്നതെന്ന്
എത്രപേരറിയുന്നു.

മഴക്കാലം-
അവളില്‍ വിധവയുടെ ചുളിവുകള്‍.
ഇനി പരിത്യജികേണ്ടതെന്തിനെ?
വൈരാഗ്യം പതയുന്ന ചുളിവുകള്‍ ആരായുന്നു.
ഓളങ്ങള്‍ വീറോടെ തല്ലിയലച്ച് തീരത്തിന്റെ
സ്വച്ഛതയെ ചോദ്യം ചെയ്യുന്നു.
വിഷാദത്തിന്റെ നിറങ്ങള്‍ അവളില്‍ രൂക്ഷത നേടുന്നു.

അവളെ മറക്കാന്‍ ശ്രമിക്കുമ്പോള്‍,
ഞാനാകെ വരളുന്നു,
ഞാനവളിലൊരിക്കലും ചേക്കേറിയിട്ടില്ലല്ലോ.
എന്നെ മറക്കാന്‍ മാത്രമുള്ള
പാഠങ്ങളെ എന്റെ ചതുപ്പിലൂള്ളൂ.
വരള്‍ച്ചക്കൊടുവില്‍ എന്നില്‍ കവിഞ്ഞതെല്ലാത്തിനേയും
മറക്കാന്‍ ഞാന്‍ പടിച്ചേക്കാം

-സൂര്യ ബിനോയ്

മഴക്കാഴ്ച

മഴക്കാഴ്ച

സംഗീത സുമിത്ത്

തോരാതെ പെയ്യുന്ന മാരി കാണാനിന്നു

മുറിവിട്ടു ഞാനും പുറത്തു വന്നു
ഉമ്മറക്കോണിലെ ചാരു ബെഞ്ചില്‍
എന്റെ കട്ടി കരിമ്പടം പുതച്ചിരുന്നു.

കുളിരേറ്റിയെത്തുന്ന കാറ്റിലെന്‍ കണ്‍ പീലി
ചെറുകണം മേടിച്ചു ചാര്‍ത്തി നിന്നു
തൂലിക തേടിയെന്‍ വിരലുകള്‍ നീങ്ങവേ
ഹൃദയത്തില്‍ തുടിതാളം പൊങ്ങിവന്നു

വെള്ളം നിറഞ്ഞൊരു പാട വരമ്പത്തു
തലയേന്തി നില്‍ക്കുന്ന പുല്‍ തുരുത്തില്‍
തോരാ മഴയെ ,യറിഞ്ഞോരു പറവകള്‍
പഞ്ഞമകറ്റാന്‍ നനഞ്ഞിറങ്ങി

കാണാം വരമ്പുകള്‍ക്കപ്പുറം പുഴയൊരു
മേദസ്സു മുറ്റിയ പെണ്ണിനെപ്പോല്‍
കരകവിഞ്ഞാ രൂപം ശോഭകെട്ടി,
ട്ടതി ദ്രുതം ആരെയോ തേടി പോണൂ

‘തുള്ളിക്കൊരുകുട’ മെന്നപോല്‍ പെയ്യുമീ
മഴയില്‍ , പെയ്യുന്ന കൂരയ്ക്കുള്ളില്‍
പുകയുമടുപ്പിന്റെ ഓരം പറ്റി , ഒരു
ചെറുമനും മക്കളും ചേര്‍ന്നിരിപ്പൂ.

പശിയാറ്റാന്‍   പാവത്താന്‍ പാട്ട് പാടി , ഒപ്പം
പശിയോടെ പൈതങ്ങള്‍ ഏറ്റു പാടി
“പകലോ നൊന്നിനി വന്നിരുന്നേല്‍ , ഏന്‍
പാടത്തും പറമ്പിലും പോയിടുമേ …..
കനിയും കിഴങ്ങും  എടുത്തിടുമേ..
പഞ്ഞ വയറൊന്നു നിറച്ചിടുമേ”..
ചെറുമന്റെ പെണ്ണുമതേറ്റു പാടി
കാറ്റും മഴയും മറിച്ചു പാടി

ചെറുമ ക്കുടിലിന്റെ ഉമ്മറത്ത്‌
ചാവാലി പട്ടി ചുരുണ്ടുകൂടി
കത്തും വയറിന്റെ ആന്തലിലാ
പട്ടിതന്‍ മൂളലും പാട്ടുപോലെ

ആര്‍ത്തു ചൊരിയുന്ന വാനമിന്നു
ചെറുമ ക്കുടിലിലോ ആധി പാകി
കാതം അകലത്തെന്‍ ഉമ്മറത്തോ
‘തുള്ളിക്കൊരുകുടം’   കവിതയായി …

കൃഷ്ണ പിള്ളയും സി. അച്യുത മേനോനും കാലത്തിനു മുന്‍പേ നടന്ന വഴികാട്ടികള്‍

കൃഷ്ണ പിള്ളയും സി. അച്യുത മേനോനും കാലത്തിനു മുന്‍പേ നടന്ന വഴികാട്ടികള്‍ ആയിരുന്നു. അഴിമതിയും ആഡംബര ഭ്രമവും പുതിയ കാലത്തിന്‍റെ വെല്ലു വിളികള്‍ ആവുമ്പോള്‍ കൃഷ്ണ പിള്ള യുടെയും അച്യുത മേനോന്‍റെയും സ്മരണ ഇരുട്ടില്‍ ദീപ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നു എന്നും യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ വിവിധ യൂണിറ്റു കള്‍ സംഘടിപ്പിച്ച പി. കൃഷ്ണപിള്ള – സി. അച്യുത മേനോന്‍ അനുസ്മരണ സമ്മേളന ങ്ങള്‍ അഭിപ്രായപ്പെട്ടു.

യുവ കലാ സാഹിതി ഷാര്‍ജ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പി. എന്‍. വിനയ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ശിവപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. പി. എ. പ്രകാശന്‍ സ്വാഗതവും സുനില്‍രാജ് നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളന ത്തോട് അനുബന്ധിച്ച് ഇഫ്താര്‍ വിരുന്നും ഉണ്ടായി

പ്രതികരണശേഷിയുള്ള മലയാളി യൌവ്വനത്തില്‍ സിംഹഭാഗവും കേരളത്തിന്‌ പുറത്ത്‌–മുല്ലക്കര രത്നാകരന്‍ എം. എല്‍ എ

പ്രതികരണശേഷിയുള്ള മലയാളി യൌവ്വനത്തില്‍ സിംഹഭാഗവും കേരളത്തിന്‌ പുറത്ത്‌–മുല്ലക്കര രത്നാകരന്‍ എം. എല്‍ എ

കേരളത്തിലെ പ്രതികരണശേഷിയുള്ള മലയാളി യൌവനത്തില്‍ സിംഹഭാഗത്തിനും ഉപജീവനാര്‍ധ്തം കേരളത്തിന്‌ പുറത്ത്‌ പോകേണ്ട അവസ്ഥയാണ്‌ ഉണ്ടായിരിക്കുനതെന്ന് മുന്‍ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. എങ്കിലും അവര്‍ സമൂഹത്തില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളിലും ശക്തമായി പ്രതികരിക്കുന്നത് കാണുന്നതില്‍ സന്തോഷം ഉണ്ട്. വര്‍ത്തമാന പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും ഏറ്റവും അധികം വീക്ഷിക്കുന്നത് പ്രവാസികള്‍ ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവകലാസാഹിതി യു.എ .ഇ സെന്‍ട്രല്‍ സമ്മേളനം ദുബായ് റോയല്‍ പാലസ് ഹോട്ടലില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ്.കെ.കെ.ജോഷി അധ്യക്ഷത വഹിച്ചു.സലിം കാഞ്ഞിരവിള അനുശോചന പ്രമേയവും, അഭിലാഷ്‌.വി. രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.സെക്രട്ടറി പ്രശാന്ത്‌ ഐക്കര പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.റിപ്പോര്‍ട്ടിന്മ​േലുള്ള ചര്‍ച്ചയില്‍ കുഞ്ഞിക്കൃഷ്ണന്‍, പി.ശിവപ്രസാദ്‌,ശ്രീകുമാര്‍,പി.​എം പ്രകാശ്‌,അഭിലാഷ്‌.വി,സത്യന്‍ മാറഞ്ചേരി,കെ എസ്‌.സജീവന്‍,അബൂബക്കര്‍,പി ചന്ദശേഖരന്‍,സജുകുമാര്‍.കെ പി എ സി,ബിജു എന്നിവര്‍ പങ്കെടുത്തു. കേരള പ്രവാസി ഫെഡറേഷന്‍ തൃശ്ശൂര്‍ ജില്ല സെക്രടറി ചന്ദ്രശേഖരന്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.ദുബായ് യുണിറ്റ്‌ സെക്രടറി സത്യന്‍ മാറഞ്ചേരി സ്വാഗതവും ഷാര്‍ജ യുണിറ്റ് പ്രസിഡന്റ് പിഎന്‍ വിനയചന്ദ്രന്‍ നന്ദിയും ആശംസിച്ചു.സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത്‌ സജീവമായ പ്രവര്‍ത്തനം കാഴ്ച വച്ച ഷാര്‍ജ യുണിറ്റ് സെക്രടറി കെ.സുനില്‍ രാജിനും,എന്‍.സി മമ്മൂട്ടി സാഹിത്യ പുരസ്കാരമായി കവിത രചനയില്‍ വിജയികള്‍ക്കും മുല്ലക്കര രത്നാകരന്‍ പുരസ്കാരങ്ങള്‍ നല്‍കി.

വൈകിട്ട് മൂന്ന് മണിക്ക് പി.കെ.വി.അനുസ്മരണത്തോടനുബന്ധിച​്ചു ‘സംശുദ്ധ രാഷ്ട്രീയത്തിന്‍റെ സമകാലിക പ്രസക്തി’ എന്ന വിഷയം സംബന്ധിച്ച് സെമിനാര്‍ നടത്തി. ഇ.ആര്‍.ജോഷി മോഡറേറ്റര്‍ ആയിരുന്നു.മുല്ലക്കര രത്നാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ.റഹിം, നാരായണന്‍ വെളിയങ്കോട് (ദല), അനില്‍ കുമാര്‍ (മാക്‌), കബീര്‍.കെ (പ്രേരണ),അബ്ദുല്‍ ഖാദര്‍ അരിപ്പാബ്രാ (കെ.എം സി സി) എന്നിവര്‍ സംസാരിച്ചു. വിജയന്‍ നാണിയുര്‍ സ്വാഗതവും വില്‍സണ്‍ തോമസ്‌ നന്ദിയും ആശംസിച്ചു.

യുവകലാസാഹിതി യു. എ. ഇ. പ്രസിഡണ്ടായി പി. എന്‍. വിനയചന്ദ്രനെയും സെക്രട്ടറിയായി ഇ. ആര്‍. ജോഷിയും സമ്മേളനം തിരഞ്ഞെടുത്തു സലിം കാഞ്ഞിരവിള, വില്‍സണ്‍ തോമാസ് (വൈസ്‌. പ്രസിഡന്റ് ) വിജയന്‍ നാണിയൂര്‍. പി. ശിവ പ്രസാദ്‌ (ജോ. സെക്രട്ടറിമാര്‍),അജിത്‌ വര്‍മ്മ (ട്രഷറര്‍),മുഗള്‍ ഗഫൂര്‍ (രക്ഷാധികാരി) എന്നിവര്‍ ഭാരവാഹികളായി 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.