കവിത
വിധുരന്‍
വിധുരന്‍
സംഗീത സുമിത്
തെക്ക് കോണില്‍ നിന്‍ പട്ടടയെരിയുമ്പോള്‍
സഖീ ..
ഞാന്‍ ഏകനാകുന്നീ മരച്ചോട്ടില്‍
മരിച്ചതു നീയെന്നു പറയുന്നിതെല്ലാവരും
എങ്കിലും അറിയാം മരിച്ചതു ഞാന്‍ തന്നെ
എന്റെ മടിയരാം കൈകളും കാല്‍കളും
പ്രണയം പാടിയ മനസ്സും
തോളില്‍ തട്ടി അകലുന്നു കൂട്ടുകാര്‍
നാട്ടുകാര്‍ വീട്ടുകാര്‍ ഇവിടെ ഞാന്‍ മാത്രം
കൂട്ടം തെറ്റിയ കിളിയെപ്പോലിന്നു
ദിശയറിയാതെ ഉഴറി നില്‍പ്പൂ ..
എന്നോട് പറഞ്ഞത്, പറയാത്തതും
എന്നോട് പറഞ്ഞത്, പറയാത്തതും
ഗീത ശ്രീജിത്ത്
ഇന്നലെ രാത്രി,
മഴ ഉറങ്ങാന്‍ അനുവദിക്കാതെ
പായാരം ചൊല്ലികൊണ്ടേയിരുന്നു
എത്രയുണ്ട് സ്നേഹമെന്ന് ശ്രിഗാരപൂര്‍വ്വം
മെല്ലെ മെല്ലെ നുള്ളി ചോദിച്ചു
അടഞ്ഞു പോയ കണ്ണുകള്‍ മെല്ലെ തുറന്നു
ഉറങ്ങേണ്ട
എന്നോടൊപ്പം ഇരിക്കൂ എന്ന് പറഞ്ഞു.
വരൂ എന്നോടൊപ്പം ചിലങ്കകള്‍
അണിയിക്കട്ടേ എന്നും
നടനം അറിയില്ലെന്ന് പറഞ്ഞപ്പോള്‍
സാരമില്ല എന്നും
പിന്നെ നോക്കിയിരുന്നു കണ്ണുകളില്‍
ദൂരെ മരുഭൂമികളെ പറ്റി പറഞ്ഞപ്പോള്‍
അതെനിക്കും അറിയില്ല എന്ന് മഴയും
സ്നേഹമറിയാത്ത മനസ്സുകളെ പറ്റിയും
അലിവുണരാത്ത കണ്ണുകളെ പറ്റിയും സംസാരിച്ചിരുന്നു
പിന്നെ കുസൃതിയായി
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച വഴിയിലൂടെ
പുഴ പോലൊഴുകി നടന്നപ്പോള്‍
ഒന്ന് പുളഞ്ഞു, കുസൃതി തന്നെ
ഞാനില്ല എന്ന് മടിച്ചപ്പോഴേക്കും
നനഞ്ഞു കഴിഞ്ഞിരുന്നു
പിന്നെ ഒപ്പത്തിനൊപ്പം
അങ്ങനെ.. രാത്രി പോയി വെളുത്തപ്പോള്‍
മഴ പെയ്തു തീര്‍ന്നിരുന്നു
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച പാത
മാഞ്ഞുപോയിരുന്നു
പൊന്മയെപ്പോലുള്ള എന്റെ വാക്കുകള്‍
മഴക്കുളങ്ങളില്‍ കണ്ണും നട്ടിരിപ്പായി ….
വരള്‍ച്ചയ്ക്കൊടുവില്‍
വരള്‍ച്ചയ്ക്കൊടുവില്‍
-സൂര്യ ബിനോയ്
പുഴയെ മറക്കണമെത്രേ
പക്ഷേ എവിടെ നിന്ന്‍?
വസന്തത്തില്‍-
അവള്‍ക്ക് പാവടക്കാരി പെണ്‍കുട്ടിയുടെ മുഖം
യഥാര്‍ത്യങ്ങളെയൊക്കെ തള്ളികളയാമെന്ന ഭാവം
ആകപ്പാടെ എന്തിനോടും അഭിനിവേശം
ഓളങ്ങള്‍ക്ക് ചടുലത.
അന്നേരം
നീര്‍മരുതിന്‍ പൂക്കള്‍ അവളിലെ പച്ചപ്പില്‍
എത്ര സുന്ദരം!
വേനലില്‍-
അവള്‍ അമ്മയാകുന്നു-മലയുടെ, മരത്തിന്റെ,
എല്ലാറ്റിന്റെയും.
ആര്‍ദ്രത-എത്ര മുഗ്ദ്മായ ഭാവം!
എന്തും സ്വീകരിക്കാനുള്ള വെമ്പലിലാണവള്‍.
തീരത്തെ മടിച്ചുമടിച്ചു തഴുകിയകലുന്ന ഓളങ്ങള്‍.
അപ്പോള്‍ ആകാശം പോലും അവളിലേക്ക്
തന്റെ നീലനിറം പകരുന്നു.
ആ സാരള്യത്തിലാണ് അതിനാഴം കൂടുന്നതെന്ന്
എത്രപേരറിയുന്നു.
മഴക്കാലം-
അവളില്‍ വിധവയുടെ ചുളിവുകള്‍.
ഇനി പരിത്യജികേണ്ടതെന്തിനെ?
വൈരാഗ്യം പതയുന്ന ചുളിവുകള്‍ ആരായുന്നു.
ഓളങ്ങള്‍ വീറോടെ തല്ലിയലച്ച് തീരത്തിന്റെ
സ്വച്ഛതയെ ചോദ്യം ചെയ്യുന്നു.
വിഷാദത്തിന്റെ നിറങ്ങള്‍ അവളില്‍ രൂക്ഷത നേടുന്നു.
അവളെ മറക്കാന്‍ ശ്രമിക്കുമ്പോള്‍,
ഞാനാകെ വരളുന്നു,
ഞാനവളിലൊരിക്കലും ചേക്കേറിയിട്ടില്ലല്ലോ.
എന്നെ മറക്കാന്‍ മാത്രമുള്ള
പാഠങ്ങളെ എന്റെ ചതുപ്പിലൂള്ളൂ.
വരള്‍ച്ചക്കൊടുവില്‍ എന്നില്‍ കവിഞ്ഞതെല്ലാത്തിനേയും
മറക്കാന്‍ ഞാന്‍ പടിച്ചേക്കാം
-സൂര്യ ബിനോയ്
മഴക്കാഴ്ച
മഴക്കാഴ്ച
സംഗീത സുമിത്ത്
തോരാതെ പെയ്യുന്ന മാരി കാണാനിന്നു
മുറിവിട്ടു ഞാനും പുറത്തു വന്നു
ഉമ്മറക്കോണിലെ ചാരു ബെഞ്ചില്‍
എന്റെ കട്ടി കരിമ്പടം പുതച്ചിരുന്നു.
കുളിരേറ്റിയെത്തുന്ന കാറ്റിലെന്‍ കണ്‍ പീലി
ചെറുകണം മേടിച്ചു ചാര്‍ത്തി നിന്നു
തൂലിക തേടിയെന്‍ വിരലുകള്‍ നീങ്ങവേ
ഹൃദയത്തില്‍ തുടിതാളം പൊങ്ങിവന്നു
വെള്ളം നിറഞ്ഞൊരു പാട വരമ്പത്തു
തലയേന്തി നില്‍ക്കുന്ന പുല്‍ തുരുത്തില്‍
തോരാ മഴയെ ,യറിഞ്ഞോരു പറവകള്‍
പഞ്ഞമകറ്റാന്‍ നനഞ്ഞിറങ്ങി
കാണാം വരമ്പുകള്‍ക്കപ്പുറം പുഴയൊരു
മേദസ്സു മുറ്റിയ പെണ്ണിനെപ്പോല്‍
കരകവിഞ്ഞാ രൂപം ശോഭകെട്ടി,
ട്ടതി ദ്രുതം ആരെയോ തേടി പോണൂ
‘തുള്ളിക്കൊരുകുട’ മെന്നപോല്‍ പെയ്യുമീ
മഴയില്‍ , പെയ്യുന്ന കൂരയ്ക്കുള്ളില്‍
പുകയുമടുപ്പിന്റെ ഓരം പറ്റി , ഒരു
ചെറുമനും മക്കളും ചേര്‍ന്നിരിപ്പൂ.
പശിയാറ്റാന്‍ പാവത്താന്‍ പാട്ട് പാടി , ഒപ്പം
പശിയോടെ പൈതങ്ങള്‍ ഏറ്റു പാടി
“പകലോ നൊന്നിനി വന്നിരുന്നേല്‍ , ഏന്‍
പാടത്തും പറമ്പിലും പോയിടുമേ …..
കനിയും കിഴങ്ങും എടുത്തിടുമേ..
പഞ്ഞ വയറൊന്നു നിറച്ചിടുമേ”..
ചെറുമന്റെ പെണ്ണുമതേറ്റു പാടി
കാറ്റും മഴയും മറിച്ചു പാടി
ചെറുമ ക്കുടിലിന്റെ ഉമ്മറത്ത്
ചാവാലി പട്ടി ചുരുണ്ടുകൂടി
കത്തും വയറിന്റെ ആന്തലിലാ
പട്ടിതന്‍ മൂളലും പാട്ടുപോലെ
ആര്‍ത്തു ചൊരിയുന്ന വാനമിന്നു
ചെറുമ ക്കുടിലിലോ ആധി പാകി
കാതം അകലത്തെന്‍ ഉമ്മറത്തോ
‘തുള്ളിക്കൊരുകുടം’ കവിതയായി …
‘മഹാമേരുവും പാവം കുട്ടിയും‘
‘മഹാമേരുവും പാവം കുട്ടിയും‘
-പി. ശിവപ്രസാദ്-
ആകാശത്തെ തൊടുന്ന മഹാമേരുവിനെ നോക്കി
ഒരു കുട്ടി അത്ഭുതം കൂറി:
‘ദെന്താ… കിഴവന്‍ പര്‍വ്വതമേ
അനങ്ങാതെ ഒരൊറ്റ നില്‍പ്പ്?
എന്നെ നോക്കൂ…
ചെറുപ്പം ലാവയൊഴുക്കുന്ന ഉടലും
ചിന്ത തീപടര്ത്തുന്ന ശിരസ്സും..
എന്റെ സൈന്യം വിചാരിച്ചാല്‍
ഒരു ഞൊടിയിടയില്‍ നീ തകര്‍ക്കപ്പെടും
വഴി മാറൂ… മുതുക്കന്‍ ശവമേ!’
മഹാമേരു ഒന്നും മിണ്ടിയില്ല.
മനസ്സില്‍ ലഡ്ഡു പൊട്ടാത്ത പ്രായമല്ലേ?
കുട്ടി പിന്നെയും ചൊടിച്ച് ചോദിച്ചു:
‘എന്റെ വഴിയില്‍ നിന്ന് മാറിനിന്നൂടേ?’
‘ഒരു ചുഴലിക്കാറ്റ്
ചൂളം കുത്തിക്കിതച്ച് വരുമ്പോള്‍
നീ ഉണ്ടാവുമോ കുഞ്ഞേ?‘
വന്ദ്യവര്‍ദ്ധാക്യം ചോദിച്ചു.
(സമര്‍പ്പണം: ഈയിടെ കേരളത്തിലിറങ്ങിയ ചില പുലിക്കുട്ടി ഡയലോഗുകാര്‍ക്ക്)
