ലേഖനം
കുറിപ്പടി മരണങ്ങള്‍
കുറിപ്പടി മരണങ്ങള്‍
ആര്‍ വി ജി മേനോന്‍
കാനഡയിലെ ടോറോണ്ടോ നഗരത്തില്‍ വസിക്കുന്ന ടെരെന്‍സ് യന്ഗന്റെയും ഗ്ലോറിയയുടെയും മകള്‍ പതിനഞ്ചു വയസ്സുകാരി വനെസ്സയ്ക്ക് ചെറിയൊരു ആരോഗ്യ പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ: ആഹാരം കഴിച്ചുകഴിഞ്ഞാല്‍ ഛര്‍ദിക്കുക. കുടുംബ ഡോക്ടര്‍ കുറിച്ചുകൊടുത്തത് പ്രിപല്‌സിഡ് എന്ന അതിസാധാരണ മരുന്ന്. അത് കഴിച്ചിട്ട് അസുഖത്തിനു ആശ്വാസം ഉണ്ടെന്നാണ് വനെസ്സ പറഞ്ഞിരുന്നത്. പക്ഷേ, 2000 മാര്‍ച്ച് 19 ന് അച്ഛനോട് സംസാരിച്ചുകൊണ്ടിരുന്ന വനെസ്സ പൊടുന്നനെ ബോധംകെട്ടു കുഴഞ്ഞുവീണു. ഉടനടി ആശുപത്രിയിലെത്തിച്ചു വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും വനെസ്സയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മറ്റെല്ലാ വിധത്തിലും അരോഗ ദൃഡഗാത്ര ആയിരുന്ന
വനെസ്സയുടെ ആകസ്മിക മരണം സ്വാഭാവികമായും അവള്‍ കഴിച്ചിരുന്ന പ്രിപല്‌സിഡ് എന്ന മരുന്നിലെയ്ക്ക് ആണ് വിരല്‍ ചൂണ്ടിയത്. സിസാപ്രയിഡ് എന്നാണതിന്റെ പൊതു നാമം. പക്ഷേ വിവിധ ബ്രാന്‍ഡ് പേരുകളില്‍ ആണ് വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത കമ്പനികള്‍ അത് വില്‍ക്കുന്നത്. യു എസ് ഏയില്‍ പ്രോപല്‌സിഡ് എന്ന പേരില്‍ ആണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തന്നെ അത് വിറ്റിരുന്നത്. (ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 27 മരുന്നുകളില്‍ സിസാപ്രയിഡ് അടങ്ങിയിട്ടുണ്ടത്രേ) വനെസ്സയുടെ മരണം ഒരു ഒറ്റപ്പെട്ട അപകടം ആയിരുന്നില്ല. അമേരിക്കയില്‍ പ്രോപല്‌സിഡ് കഴിച്ച് 86 പേര്‍ എങ്കിലും മരിച്ചിട്ടുണ്ട് എന്ന് ഔദ്യോഗിക കണക്കുകള്‍ തന്നെ കാണിക്കുന്നു. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളിലൂടെ ഓരോ വര്‍ഷവും ഒരുലക്ഷത്തിലധികം മരണങ്ങളാണ് അമേരിക്കയിലെ ആശുപത്രികളില്‍ സംഭവിക്കുന്നത്. ഇതിന് പുറമെയാണ് വീടുകളിലും വൃദ്ധ സദനങ്ങളിലും മറ്റും സംഭവിക്കുന്ന മറ്റ് ഒരു ലക്ഷത്തോളം മരുന്ന് മരണങ്ങള്‍. മരുന്ന് മാറിക്കഴിക്കുന്നതുമൂലവും ഓവര്‍ഡോസ് മൂലവും മറ്റും ഉണ്ടാകുന്ന അപകട മരണങ്ങള്‍ ഇതില്‍ പെടില്ല. കൃത്യമായ രോഗനിര്‍ണയത്തിനു ശേഷം ഭിഷഗ്വരന്മാര്‍ നല്‍കുന്ന നിയമ വിധേയമായ മരുന്നുകളുടെ പാര്‍ശ്വഫലം മൂലം ഉണ്ടാകുന്ന മരണങ്ങള്‍ ആണിവ. കാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ കഴിഞ്ഞാല്‍ മരുന്ന് ആണത്രേ അമേരിക്കയിലെ ഏറ്റവും വലിയ കൊലയാളി!
എന്നാല്‍ വനെസ്സയുടെ അച്ഛന്‍ ഈ ദുരന്തത്തെ വിധി വിഹിതം എന്ന് വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. ഈ ദുര്‍വിധി മറ്റൊരാള്‍ക്കും സംഭവിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാശി. ഇത്രയും മരണങ്ങള്‍ക്ക് കാരണം ആകുന്ന പ്രിപല്‌സിഡ് എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ആ അന്വേഷണം അദ്ദേഹത്തെ എത്തിച്ചത് ആരെയും അസ്വസ്ഥരാക്കുന്ന, ഞെട്ടിപ്പിക്കുന്ന, കണ്ടെത്തലുകളില്‍ ആയിരുന്നു. ലാഭം വര്‍ധിപ്പിക്കാന്‍ വേണ്ടി
ബോധപൂര്‍വം പാര്‍ശ്വഫലങ്ങള്‍ മറച്ചുവച്ചു മരുന്നുകള്‍ വിപണിയില്‍ ഇറക്കുന്നതിന്റെ കഥകള്‍, മരുന്ന് മരണങ്ങള്‍ ഉണ്ടായിട്ടും അപകടമായ മരുന്ന് പിന്‍ വലിക്കാന്‍ കൂട്ടാക്കാത്തതിന്റെ കഥകള്‍, മരുന്ന് കമ്പനികളും ആരോഗ്യ അധികൃതരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥകള്‍. ടെരെന്‍സ് യന്ഗിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഉദ്വേഗ ജനകമായ വിവരണം അദ്ദേഹം എഴുതിയ ‘കുറിപ്പടി മരണങ്ങള്‍’ എന്ന പുസ്തകത്തില്‍ വായിക്കാം. ഏറ്റവും അദ്ഭുതകരമായ സംഗതി സിസാപ്രയിഡ് എന്ന മരുന്ന് ആഹാരത്തിനു ശേഷമുള്ള ഛര്‍ദിലിനു പറഞ്ഞിട്ടുള്ള മരുന്നേ അല്ല എന്നുള്ളതാണ്. അതിന് യു എസ് ഏ യില്‍ അനുമതി കിട്ടിയത് നെഞ്ചെരിച്ചില്‍ എന്ന രോഗത്തിനായിരുന്നു. ഛര്‍ദിലിനു അത് ഫലപ്രദം ആണെന്ന് ഒരു പരീക്ഷണത്തിലും തെളിയിക്കപ്പെട്ടിരുന്നില്ല. മരുന്നിനോടൊപ്പമുള്ള ‘ലേബലില്‍’ അങ്ങനെ പറയുന്നുമില്ല. (കൂട്ടത്തില്‍ പറയട്ടെ, അവര്‍ ‘ലേബല്‍’ എന്ന് പറയുന്നത് മരുന്ന് കൂടിനു പുറത്തുള്ള ഒട്ടിപ്പ് അല്ല; ഓരോ മരുന്നിന്റെയും അനുമതി പത്രത്തിന്റെ ഒപ്പം പ്രസിദ്ധപ്പെടുത്തുന്ന വിശദമായ വിവരണം ആണ്. അത് പലപ്പോഴും പത്തു മുപ്പതു പേജു വരും. മിക്ക ഡോക്ടര്‍മാരും അത് കാണാറ് പോലുമില്ല എന്നതാണ് വാസ്തവം!) എങ്കിലും ഇത് ഛര്‍ദിലിനും കൊടുക്കാം എന്ന മെഡിക്കല്‍ റെപ്പ് മാരുടെ വാചാ പ്രചാരണത്തില്‍ വിശ്വസിച്ചാണ് ഡോക്ടര്‍മാര്‍ അത് ഛര്‍ദിലിനും കുറിച്ചു കൊടുത്തു തുടങ്ങിയത്. ഇപ്രകാരമുള്ള ‘ഓഫ് ലേബല്‍’ കുറിമാനങ്ങള്‍ ആണത്രേ പല ‘ഹിറ്റ്’ മരുന്നുകളുടെയും വിജയ രഹസ്യം. അതിനുവേണ്ടി മെഡിക്കല്‍ റെപ്പ് മാര്‍ നടത്തുന്ന അഭ്യാസങ്ങളും ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന ‘പ്രേരകങ്ങളും’ നമുക്കും അറിവുള്ളതാണല്ലോ. അതിനും പുറമേ, കുട്ടികള്‍ക്ക്, വിശേഷിച്ചു പെണ്‍കുട്ടികള്‍ക്ക്, അതുമൂലം ഹൃദ്രോഗം വരാനുള്ള സാധ്യത ഉണ്ടെന്നുള്ളതിനു പല സൂചനകളും ഉണ്ടായിരുന്നു താനും. ഇത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ കമ്പനിക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അത് സംബന്ധിച്ച് ഒരു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അത്തരം മുന്നറിയിപ്പ് കത്തുകളുടെ കാര്യം വേറൊരു കഥ. അത് വഴിയെ പറയാം.
വാസ്തവത്തില്‍ നെഞ്ചെരിച്ചിലിനു മോട്ടിലിയം എന്നൊരു മരുന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രചരിപ്പിച്ചിരുന്നത്. 1991 ല്‍ അതിന്മേലുള്ള കുത്തക അവകാശം അവസാനിക്കും എന്ന ഘട്ടം വന്നപ്പോഴാണ് അത് പിന്‍വലിച്ചുകൊണ്ട് പ്രിപല്‌സിഡ് വിപണിയില്‍ ഇറക്കിയത്. ഇതും ബഹുരാഷ്ട്ര മരുന്ന് കമ്പനികളുടെ ഒരു സ്ഥിരം തന്ത്രമത്രേ. പേറ്റന്റ് കാലാവധി കഴിഞ്ഞാല്‍ പിന്നെ
ആര്‍ക്കും അതേ രാസ തന്മാത്രയുള്ള മരുന്ന് തുച്ഛമായ വിലയ്ക്ക് ഇറക്കാം. ശതകോടികള്‍ പിരിയുന്ന കുത്തകയാണ് പൊളിയുന്നത്. അതുകൊണ്ടാണ് തക്ക സമയത്ത് തന്നെ അവര്‍ അതേ രോഗത്തിന് മറ്റൊരു മരുന്ന് വിപണിയില്‍ ഇറക്കി മോട്ടിലിയം പിന്‍വലിച്ചത്. മോട്ടിലിയത്തിനു ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നു എന്നതും നേര്. പക്ഷേ അതിന്റെ ആയുഷ്‌കാലം മുഴുവന്‍ അത് ഗൗരവത്തില്‍ എടുക്കാതെ അവസാന കാലത്ത് പാര്‍ശ്വഫലത്തിന്റെ പേര് പറഞ്ഞ് അതു പിന്‍ വലിച്ചത് വെറും കച്ചവട തന്ത്രം മാത്രം ആയിരുന്നെന്നു കാണാന്‍ വിഷമമില്ല. പുതിയ മരുന്നിനു
പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന വിശദമായ ഫീല്‍ഡ് പരിശോധനകള്‍ക്ക് ശേഷം മാത്രമേ വില്പന അനുവാദം കൊടുക്കൂ എന്നാണ് സങ്കല്‍പം. പക്ഷേ അവിടെയാണ് പല കള്ളക്കളികളും നടക്കുക. കമ്പനിയുടെ ചെലവില്‍ ഫീല്‍ഡ് ട്രയലുകള്‍ നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഭീമമായ പ്രതിഫലം ആണ് കിട്ടുക. അമേരിക്കയില്‍ ഇത് രോഗി ഒന്നിന് 20000 ഡോളര്‍ വരെ ആയേക്കാം. നൂറു രോഗികളെ വച്ചുള്ള ഒരു ഫീല്‍ഡ് ട്രയലിലൂടെ രണ്ട് മില്യന്‍ ഡോളറാണ് ഡോക്ടര്‍ക്ക് കിട്ടുക. അത്തരം പഠനങ്ങളില്‍ പലപ്പോഴും വിപരീത ഫലങ്ങള്‍ മറച്ചു വയ്ക്കപെടുകയോ ലഘൂകരിക്കപ്പെടുകയോ ചെയ്‌തേക്കാം. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ അനുബന്ധ സ്ഥാപനമായ മക്‌നീല്‍ വികസിപ്പിചെടുത്ത സുപ്രോള്‍ എന്ന മരുന്നിന്റെ ഫീല്‍ഡ് ട്രയല്‍ വേളയില്‍ തന്നെ പരീക്ഷണത്തില്‍ പങ്കെടുത്ത 24 യുവാക്കളില്‍ 9 പേര്‍ക്കും പള്ള വേദന അനുഭവപ്പെടുകയുണ്ടായി.
എന്നിട്ടും 1985 ഡിസംബറില്‍ അതിന് അംഗീകാരം കിട്ടി. 1986 ഏപ്രില്‍ മുതല്‍ തന്നെ ‘മരുന്നിനു പാര്‍ശ്വഫലമായി പള്ളവേദന ഉണ്ടാകാം, സൂക്ഷിക്കണം’ എന്ന മുന്നറിയിപ്പ് നല്‍കുന്ന കത്തുകള്‍ ഡോക്ടര്‍മാര്‍ക്ക് അയക്കാന്‍ കമ്പനി നിര്‍ബന്ധിതമായി. ‘പ്രിയപ്പെട്ട ഡോക്ടര്‍’ എന്ന് തുടങ്ങുന്ന ഈ മുന്നറിയിപ്പ് കത്തുകളുടെ കാര്യവും വളരെ വിശേഷമാണ്. മിക്ക ഡോക്ടര്‍മാരും ഈ കത്തുകള്‍ വായിക്കുകയോ ഗൗരവത്തില്‍ എടുക്കുകയോ ചെയ്യാറില്ല എന്ന് കമ്പനിക്കും അറിയാം. അതറിഞ്ഞു കൊണ്ട് തന്നെയാണ് തുടരെ തുടരെ ഇത്തരം കത്തുകള്‍ അയക്കുക. 1986 ഒക്ടോബര്‍ ആയപ്പോഴേക്കും ബ്രിട്ടനില്‍ മരുന്നിനെതിരെ നിരോധനം വന്നേക്കും എന്ന ഘട്ടമായപ്പോള്‍ ബ്രിട്ടീഷ് വിപണിയില്‍ നിന്ന് സുപ്രോള്‍ പിന്‍ വലിക്കാന്‍ കമ്പനി തയാറായി. ‘വാണിജ്യപരമായ കാരണങ്ങള്‍’ ആണ് പുറമേ പറഞ്ഞത്. അതും ഒരു തന്ത്രം ആണ്. സര്‍ക്കാരിന്റെ വിലക്കു കാരണം ഒരു മരുന്ന് പിന്‍ വലിക്കേണ്ടി വന്നാല്‍, അത് മറ്റു രാജ്യങ്ങളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സ്വയം പിന്‍വലിച്ചാല്‍ അത് ഒഴിവാക്കാമല്ലോ. ബ്രിട്ടനില്‍ സുപ്രോള്‍ പിന്‍വലിക്കുമ്പോഴും അമേരിക്കയില്‍ മറ്റൊരു ‘പ്രിയപ്പെട്ട ഡോക്ടര്‍’ കത്തില്‍ തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം ഒതുക്കി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. 1997 ആയപ്പോഴേക്കും യൂറോപ്പില്‍ സര്‍ക്കാര്‍ നിരോധനം വരും എന്ന അവസ്ഥയിലെത്തി
കാര്യങ്ങള്‍. ഇതിനകം മുന്നൂറോളം പേര്‍ക്ക് മരുന്നിന്റെ പാര്‍ശ്വഫലമായി പള്ളവേദന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അപ്പോള്‍ യൂറോപ്യന്‍ – യു എസ് വിപണികളില്‍ നിന്ന് കൂടി സുപ്രോള്‍ പിന്‍വലിക്കപ്പെട്ടു. പക്ഷേ ലോകത്ത് മറ്റു എത്ര രാജ്യങ്ങളില്‍ അത് ഇപ്പോഴും വില്ക്കുന്നുണ്ട് എന്ന് ആര്‍ക്കും അറിയില്ല. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത ബ്രാന്‍ഡ് പേരുകളില്‍ ആയിരിക്കും ഒരേ മരുന്ന് തന്നെ വില്‍ക്കുക. ഒരു മരുന്ന് കാരണം എന്തെങ്കിലും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിനും ഇത് തടസ്സം സൃഷ്ടിക്കും. ഒരേ രാസസ്വഭാവമുള്ള എല്ലാ മരുന്നുകളുടെയും പാര്‍ശ്വ ഫലങ്ങള്‍ ഒന്നിച്ച് ശേഖരിച്ച് ലഭ്യമാക്കുന്ന ഒരു സമ്പ്രദായം ഉണ്ടായേ തീരൂ. പക്ഷേ അത് വരാതിരിക്കുക എന്നതാണ് മരുന്നുകമ്പനികളുടെ താത്പര്യം. കോടിക്കണക്കിനു ആളുകള്‍ ഒരു മരുന്ന് ഉപയോഗിക്കുമ്പോള്‍ നൂറുകണക്കിന് മരണം ഉണ്ടായാല്‍ പോലും അവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. ആരെങ്കിലും വാശിയോടെ കേസിന്
പോയാല്‍ പോലും ഒറ്റപ്പെട്ട ഒരു സംഭവത്തില്‍ മരുന്നും മരണവും തമ്മില്‍ കാര്യകാരണ ബന്ധം തെളിയിക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ നൂറു കണക്കിന് സംഭവങ്ങള്‍ ഒന്നിച്ച് പരിശോധിച്ചാല്‍ സാംഖികമായ തെളിവ് അനിഷേധ്യമാകും. അതുകൊണ്ടാണ് പാര്‍ശ്വഫലങ്ങള്‍ ഒന്നിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തടയാന്‍ കമ്പനികള്‍ ആവുന്നത്ര ശ്രമിക്കുന്നത്. ഒറ്റപ്പെട്ട നഷ്ടപരിഹാര കേസുകളെ അവര്‍ ഉരുക്കുമുഷ്ടി കൊണ്ട് നേരിടും. ഒരു കേസിന് വേണ്ടി ലക്ഷക്കണക്കിന് ഡോളര്‍ ചെലവാക്കാന്‍ അവര്‍ക്ക് മടിയൊന്നുമില്ല. അതൊക്കെ ബിസിനസ് ചെലവില്‍ പൊയ്‌ക്കൊള്ളും. പക്ഷേ കേസ് പ്രതികൂലം ആകുന്നെന്നോ ക്രമത്തിലധികം പബ്ലിസിറ്റി
ഉണ്ടാകുന്നുണ്ടെന്നോ തോന്നിയാല്‍ എത്ര പണം കൊടുത്തും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ഉണ്ടാക്കാനും അവര്‍ തയാറാകും. അതിന്റെ ഗുട്ടന്‍സ് എന്തെന്ന് വച്ചാല്‍ അത്തരം ഒത്തുതീര്‍പ്പിന്റെ വ്യവസ്ഥകള്‍ രഹസ്യം ആയിരിക്കും. ആ വിവരങ്ങള്‍ ഒരിക്കലും പിന്നെ മറ്റൊരു കേസില്‍ അവര്‍ക്കെതിരായി ഉപയോഗിക്കപ്പെടില്ല. കൂട്ട നഷ്ടപരിഹാര കേസുകളില്‍ കോടിക്കണക്കിനു ഡോളര്‍ കൊടുത്തു കേസ് ‘ഒതുക്കിയ’ ചരിത്രം ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് ഉണ്ട്. മരുന്ന് പിന്‍ വലിക്കുകയോ നിരോധിക്കപ്പെടുകയോ ചെയ്യുന്നതിനേക്കാള്‍ ലാഭം ഇങ്ങനെ നഷ്ടപരിഹാരം കൊടുക്കുന്നതാണ് എന്ന പച്ചയായ കണക്ക് കൂട്ടലാണ് ഇതിന്റെ പിന്നില്‍. വിപണി വ്യവസ്ഥയില്‍ മനുഷ്യ ജീവനേക്കാള്‍ വലുതാണല്ലോ ലാഭം!
ചില സന്ദര്‍ഭങ്ങളില്‍ അപകട സാധ്യത ഉള്ള മരുന്നുകള്‍ ഉപയോഗിക്കെണ്ടിവന്നെക്കാം എന്ന് സമ്മതിക്കാതെ തരമില്ല. കാന്‍സര്‍ ചികിത്സയിലോ ഹൃദ്രോഗ ചികിത്സയിലോ കരള്‍ രോഗത്തിനോ കിഡ്‌നി രോഗത്തിനോ ഒക്കെ അത്തരം ‘വിഷ പ്രയോഗം’ സാധു ആയേക്കാം. ‘എല്ലാ മരുന്നും വിഷം ആണ്’ എന്ന് പറഞ്ഞത് വൈദ്യ രസതന്ത്രത്തിന്റെ പിതാവായ പാരാസെല്‌സസ് ആയിരുന്നു. രോഗത്തിന്റെ അവസ്ഥയും രോഗിയുടെ ശരീരസ്ഥിതിയും മരുന്ന് കൊടുത്താലുള്ള ഗുണവും ദോഷവും കൊടുക്കാഞ്ഞാലുള്ള ഭവിഷ്യത്തും ഒക്കെ വിലയിരുത്തി തീരുമാനം എടുക്കേണ്ടത് ഭിഷഗ്വരന്‍ ആണ്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ മരുന്ന് കൊടുപ്പിക്കുക എന്ന കമ്പനികളുടെ സമ്മര്‍ദ തന്ത്രത്തിനു അവരില്‍ പലരും കീഴടങ്ങുന്ന അവസ്ഥയാണ് മിക്ക രാജ്യങ്ങളിലും ഇപ്പോള്‍ ഉള്ളത്.
ജീവന്‍ രക്ഷാ മരുന്നുകളുടെ കാര്യത്തില്‍ മാത്രമല്ല, ജലദോഷം, മൂക്കൊലിപ്പ് തുടങ്ങിയ (മരുന്ന് വേണ്ടാത്ത) സാധാരണ രോഗങ്ങള്‍ക്ക് കൊടുക്കുന്ന മരുന്നുകള്‍ക്ക് പോലും ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഗതി വളരെ ഗുരുതരം ആകുന്നു. മൂക്കൊലിപ്പിനു ചികിത്സയ്ക്കായി ഹെഴ്സ്റ്റ് കമ്പനി വിപണിയിലിറക്കിയ സെല്‌ഡേയ്ന്‍ എന്ന ആന്റി ഹിസ്ടമിന്‍ മരുന്നിന്റെ കഥ കേള്‍ക്കൂ. 1985 ല്‍ ആണ് അമേരിക്കയില്‍ ആദ്യമായി ഈ മരുന്ന് വിപണിയില്‍ ഇറക്കിയത്. ലോകമൊട്ടാകെ പത്തു കോടി ആളുകളെങ്കിലും ഇത് കഴിച്ചിട്ടുണ്ടാകും എന്നാണ് കണക്ക്. പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് ഹൃദയത്തെ ബാധിക്കും എന്ന് താമസിയാതെ മനസ്സിലായി. എങ്കിലും പകരം അല്ലാഗ്ര എന്ന മരുന്ന് വിപണിയില്‍ എത്തിച്ച ശേഷമേ സെല്‌ഡേയ്ന്‍ പിന്‍ വലിക്കാന്‍ കമ്പനി തയാറായുള്ളൂ. അത് പോലെ മുഖക്കുരുവിന് കുറിച്ചു നല്‍കുന്ന അക്ക്യുടെയ്ന്‍ എന്ന മരുന്ന് പഴയ താലിഡോമയിഡ് പോലെ കുഞ്ഞുങ്ങള്‍ക്ക് ജനിതക തകരാറുകള്‍ ഉണ്ടാക്കുന്നതാണെന്ന് കണ്ടെത്തി. എന്നാലും മരുന്ന് പിന്‍വലിക്കാന്‍ കമ്പനിക്കാരോ നിരോധിക്കാന്‍ സര്‍ക്കാരുകളോ തയാറായില്ല. അതിനുപകരം നിര്‍മാതാക്കളായ റോഷ് കമ്പനി ചെയ്തത് മറ്റൊരു ‘പ്രിയപ്പെട്ട ഡോക്ടര്‍’ കത്ത് അയക്കുകയാണ്.
ദോഷം പറയരുതല്ലോ, ഈ മരുന്ന് കൊടുക്കുന്നതിനു മുന്‍പ് രോഗിയെക്കൊണ്ട് ഒരു സമ്മതപത്രത്തില്‍ ഒപ്പിടിക്കണം എന്നും അവര്‍ കത്തില്‍ പറഞ്ഞിരുന്നു. നല്ല കാര്യമായി! ഇത്തരം കത്തുകള്‍ വായിച്ചുനോക്കാതെ ചവറ്റുകുട്ടയില്‍ ഇടുന്ന ഡോക്ടര്‍മാരാണ് രോഗിയെക്കൊണ്ട് സമ്മതപത്രം ഒപ്പിടീപ്പിച്ചിട്ടു മുഖക്കുരുവിന് മരുന്നു കൊടുക്കാന്‍ പോകുന്നത്! മരുന്ന് ദുരന്തങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഗുരുതരമായത് താലിഡോമയിഡ് തന്നെ. ഗ്രുനെന്താല്‍ എന്ന ജര്‍മന്‍ കമ്പനി വികസിപ്പിച്ചെടുത്ത താലിഡോമയിഡ് 1957 മുതല്‍ 1961 വരെ ഗര്‍ഭകാലത്തെ ഛര്‍ദിലിനു പരിഹാരമായി ലോകമെങ്ങും വിറ്റുവന്നിരുന്ന ഏറ്റവും പോപ്പുലര്‍ ആയ മരുന്ന് ആയിരുന്നു. ക്രമേണയാണ് ഇതുകഴിച്ച അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് പലവിധ ജനിതക തകരാറുകളും ഉണ്ടാകുന്നതായി ശ്രദ്ധയില്‍ പെട്ടത്. 10000 ത്തിനും 20000 നും ഇടയ്ക്ക് കുഞ്ഞുങ്ങള്‍ ഇങ്ങനെ അംഗവൈകല്യത്തോടെ ജനിച്ചതായി കണക്കാക്കപ്പെടുന്നു. ഒടുവില്‍ ലോകമെങ്ങും താലിഡോമയിഡ്
പിന്‍വലിക്കപ്പെടുകയും കോടിക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരമായി കമ്പനി നല്‍കുകയും ചെയ്തു. രസകരമായ സംഗതി, അടുത്ത കാലത്ത് ഒരുതരം ക്യാന്‍സറിനുള്ള ഔഷധം ആയി താലിഡോമയിഡ് തിരിച്ചുവരുന്നു എന്നതാണ്. ഇത് മുന്‍പ് സൂചിപ്പിച്ച ഒരു ശാസ്ത്രീയ തത്വം ആണ് കാണിക്കുന്നത്. അപകടകാരിയായ മരുന്നുകള്‍ ചിലപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കെണ്ടിവന്നെക്കാം. അത്
ഡോക്ടര്‍മാരുടെ ശ്രദ്ധാപൂര്‍വമായ മേല്‍നോട്ടത്തില്‍ ആയിരിക്കണം. ഒരിക്കലും രോഗാവസ്തയെക്കാള്‍ അപകടം ഉണ്ടാക്കുന്ന വിധത്തില്‍ ആയിരിക്കരുത്. പക്ഷേ ആരോഗ്യരക്ഷയും ചികിത്സയും കച്ചവടവത്കരിക്കപ്പെടുന്ന ഈ കാലത്ത് കര്‍ക്കശമായ സര്‍ക്കാര്‍ നിയന്ത്രണവും പൊതുജന ഇടപെടലും ഉണ്ടെങ്കില്‍ മാത്രമേ ഇത് ഉറപ്പാക്കാന്‍ കഴിയൂ.
ഒപ്പുമരത്തിന്റെ ചുവട്ടിലേയ്ക്ക് വരിക
ഒപ്പുമരത്തിന്റെ ചുവട്ടിലേയ്ക്ക് വരിക
ബിനോയ് വിശ്വം
കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ വിഷമായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ജനതയൊന്നാകെ നടത്തുന്ന പോരാട്ടങ്ങളെ അനുഭാവപൂര്‍വ്വം കാണുന്നവരാണ് നമ്മളെല്ലാം. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരുമായി പക്ഷം ചേരേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടാതെ, സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാരിനെ നാം എന്തുപേരിട്ടാണ് വിളിക്കേണ്ടത്? അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് 80-ലധികം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോഴും കാസര്‍ഗോഡ് ഉള്‍പ്പെടുന്ന ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായി അന്താരാഷ്ട്രവേദികളില്‍ നിലയുറപ്പിക്കുന്നത് ഇന്ത്യക്കാരെ മുഴുവന്‍ ലജ്ജിപ്പിക്കുന്നു.
ഏപ്രില്‍ 25 മുതല്‍ 27 വരെ ജനീവയില്‍ സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായ ശാസ്ത്രസമിതിയോഗം ചേരുന്നത് എന്‍ഡോസള്‍ഫാന്‍ നിരോധനത്തെപ്പറ്റി ആലോചിക്കാനാണ്. ഈ സമിതി കഴിഞ്ഞ ഒക്ടോബറില്‍തന്നെ ഇന്ത്യയുള്‍പ്പെടയുളള രാജ്യങ്ങളോട് ഈ കീടനാശിനി നിരോധിക്കണമെന്ന് ആവശ്യെപ്പട്ടിരുന്നതുമാണ്. എന്നാല്‍ നമ്മുടെ ഭാരതം കുറ്റകരമായ മൗനം പാലിക്കുകയാണ്.
സ്വന്തം ജനത നരകയാതനയുംപേറി മരണത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുമ്പോള്‍ വേട്ടക്കാരുടെ പക്ഷം ചേര്‍ന്നു ‘കൊലവിളി’ മുഴക്കുന്ന അപമാനകരമായ ദൃശ്യങ്ങളാണ് ഇന്ത്യയുടെ ഭരണാധികാരികള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളും, ജനതയേയും പ്രകൃതിയേയും കേന്ദ്രബിന്ദുവായി കാണുന്ന ശാസ്ത്രലോകത്തിന്റെ നിരീക്ഷണങ്ങളും ഈ മാരകവിപത്തിനെതിരെ ചിന്തിക്കാനും പ്രതികരിക്കാനും ഏവരേയും പ്രേരിപ്പിക്കുമ്പോള്‍ കേരള ഗവണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ദുരിതങ്ങള്‍ പേറേണ്ടിവന്നവരെ സഹായിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുമുണ്ടായി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരവധിതവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരാകട്ടെ എന്‍ഡോസള്‍ഫാനെ പ്രകീര്‍ത്തിക്കാനാണ് ഇപ്പോഴും ഉത്സാഹിക്കുന്നത്.
1956-ല്‍ ബോംബെയില്‍ നിന്നും ഒരു കപ്പലില്‍ കൊച്ചിയിലേക്ക് കൊണ്ടുവന്ന ഫോളിഡോള്‍ എന്ന കീടനാശിനി ഭക്ഷ്യവസ്തുക്കളുമായി കലരുകയും നൂറിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഞെട്ടലോടെ രാജ്യം കണ്ട ഈ ദാരുണസംഭവം അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രിപദത്തിലുണ്ടായിരുന്നത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. അദ്ദേഹം മന്‍മോഹന്‍സിംഗിനെപ്പോലെ മൗനത്തിന്റെ വാത്മീകങ്ങളില്‍ അഭയം തേടുകയായിരുന്നില്ല ചെയ്തത്. ജസ്റ്റീസ് ഷായെ അന്വേഷണ കമ്മിഷനായി നെഹ്‌റു നിയോഗിച്ചു. 1958-ല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് പ്രകൃതിക്കും മനുഷ്യനും ദോഷം സംഭവിക്കാന്‍ പാടില്ലെന്ന വിശാല കാഴ്ചപ്പാടോടെ കീടനാശിനികളുടെ ഉല്‍പാദനം, ഉപയോഗം, വിതരണം എന്നിവയിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്താനുളള നിയമത്തിന്റെ ആവശ്യകത പാര്‍ലമെന്റിനുമുമ്പാകെ അവതരിപ്പിച്ചതും നെഹ്‌റുതന്നെയായിരുന്നു. ഇതില്‍ നിന്നാണ് 1968-ലെ ഇന്ത്യന്‍ ഇന്‍സെക്റ്റിസൈഡ് ആക്ടിന്റെ പിറവിയുണ്ടായത്. നൂറിലധികംപേരുടെ മരണം നെഹ്‌റുവിന്റെ മനസ്സിനെ ഇളക്കി, ഉളളുപൊളിച്ചു ഉറക്കം കെടുത്തി. അദ്ദേഹത്തിന്റെ അടിയന്തിര ഇടപെടലുകളിലൂടെ രാജ്യത്തിന് അത്യാവശ്യമായിരുന്ന ഒരു നിയമം തന്നെ ഉണ്ടായി.
വര്‍ഷങ്ങളേറെ കഴിയുമ്പോള്‍ കീടനാശിനി മൂലം പതിനായിരങ്ങള്‍ സമാനതകളില്ലാത്ത ദുരിതത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോള്‍ നെഹ്‌റുവിന്റെ കൊച്ചുമകന്റെ ഭാര്യ യു പി എ അധ്യക്ഷ പദവിയുംപേറി ഇന്ത്യന്‍ ഭരണത്തെ നിയന്ത്രിക്കുമ്പോള്‍, കേന്ദ്ര ഭരണകൂടം കീടനാശിനിക്കു സ്തുതിഗീതം പാടുകയാണ്. നെഹ്‌റുവിനെക്കുറിച്ചും, ഇന്ദിരാഗാന്ധിയെക്കുറിച്ചും അവര്‍ ഉയര്‍ത്തിപ്പിടിച്ച പ്രകൃതിപക്ഷപാതിത്വത്തെക്കുറിച്ചും വാതോരാതെ പറയുന്നവര്‍ കേന്ദ്ര ക്യാബിനറ്റില്‍ വാണരുളുമ്പോള്‍ കാസര്‍ഗോഡ് ഒരു ദുരന്ത ഭൂമിയായി മാറിത്തീരുന്നു. ഇതിനു കാരണമായ കീടനാശിനി നിേരാധിക്കണമെന്ന മുറവിളികള്‍ക്ക് ഭരണാധികാരികള്‍ കാതുകൊടുക്കാതിരിക്കുന്നത് മിതമായി പറഞ്ഞാല്‍ മനുഷ്യത്വഹീനമാണ്.
കണ്ണീര്‍ പോലും വറ്റിവരണ്ടുപോകുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നുണ്ട്. ചിന്നപ്പഷെട്ടി, സുജിത്, ഷാഹിന…… എന്റെ ഉളളിലെ ചിത്രങ്ങള്‍ ഏറെയാണ്. 20 വയസ്സിനപ്പുറമെത്തിയിട്ടും ‘അമ്മേ’ എെന്നാന്നുച്ചരിക്കാത്ത മകനേയും ചേര്‍ത്തുനിര്‍ത്തി കണ്ണിലേക്ക് നോക്കിനിന്ന ആ സഹോദരിയെ എനിക്ക് മറക്കാന്‍ കഴിയില്ല. ഒരു കുഞ്ഞിക്കാലുകാണാന്‍ നിരവധിപേര്‍ കൊതിക്കുന്ന ഈ ലോകത്ത്, തങ്ങള്‍ക്ക് അംഗവൈകല്യമുളള മക്കള്‍ ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭഛിദ്രത്തിന് തയ്യാറാകുന്നവരെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളെത്തുന്നത്! ഇെതത്ര ദയനീയവും ഭീകരവുമാണ്.!!
മനുഷ്യത്വത്തെ പിടിച്ചുലയ്ക്കുന്ന ഈ ദൃശ്യങ്ങളും വാര്‍ത്തകളും ശരത് പവാറിനും കെ വി തോമസിനും ബാധകമാകുന്നതേയില്ല. ‘മായിയായ നമഃ’ (അവരുടെ ഇഷ്ട ശാസ്ത്രജ്ഞനായ ഡോഃ മായിയെ ഓര്‍ക്കുക) എന്ന മന്ത്രം ചൊല്ലി കീടനാശിനി കമ്പനികളുടെ ദാസ്യവേലയില്‍ അഭിരമിക്കുന്നവരില്‍ നിന്ന് ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക ?
ഏപ്രില്‍ 25-ന് ജനീവയില്‍ യോഗം ചേരുമ്പോള്‍ ഇന്ത്യ എന്താണ് പറയുക? ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ലോക രാജ്യങ്ങളിലെ മഹാഭൂരിപക്ഷവും പറയുമ്പോള്‍ ഇന്ത്യ വേട്ടക്കാരുടെ പക്ഷത്തായിരുന്ന നാളിതുവരെ. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന് അത്യുത്തമം എന്ന് കേന്ദ്ര കൃഷിമന്ത്രാലയം ആവര്‍ത്തിച്ച് ഉരുക്കഴിക്കുന്നുണ്ട്. ജനീവയില്‍ പറയാന്‍ പോകുന്നതും ഇതായിരിക്കാം. പ്രധാനമന്ത്രിയോടും കൃഷിമന്ത്രാലയത്തിലെ പ്രമുഖരോടും ഇക്കാര്യത്തിലെ കേരളത്തിന്റെ നിലപാട് അറിയിക്കാന്‍ സര്‍വ്വകക്ഷി സംഘം ഡല്‍ഹിക്കു പുറപ്പെടുകയാണ്. അവസാനമായി ഒന്നുകൂടി പറയാന്‍. ജനീവ സമ്മേളനം ആരംഭിക്കുന്ന ഏപ്രില്‍ 25-ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി കേരളം ആചരിക്കുകയാണ്. കേരളമൊന്നാകെ ഈ പ്രതിഷേധത്തില്‍ പങ്കാളികളാവേണ്ടതുണ്ട്.
ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങള്‍ വേട്ടനായ്ക്കളാല്‍ കടിച്ചുകീറപ്പെടുമ്പോള്‍ ജനപ്രതിനിധികള്‍ ആരുടെ പക്ഷത്തായിരിക്കണം? എന്‍ഡോസള്‍ഫാന്‍ വിഷയം നമുക്കു നല്‍കുന്ന കാഴ്ച ജനസേവകര്‍ ജനവിരുദ്ധരുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്നതാണ്. ഇതിനെതിരായ പ്രതിഷേധം ശക്തിപ്പെട്ടേമതിയാകൂ.
നമ്മുടെ രോഷങ്ങള്‍ അണപൊട്ടി ഒഴുകേണ്ടത് ഇപ്പോഴാണ്. ജനങ്ങള്‍ക്ക് മരണം സമ്മാനിക്കുന്ന അഭിനവ നീറോമാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വീണ വായിക്കുമ്പോള്‍ നാം നിസംഗത പാലിക്കുന്നത് അപകടകരമാണ്.
ഗാന്ധിയന്‍ സമരങ്ങളിലൂടെ, പ്രതിഷേധങ്ങളിലൂടെ, പ്രതികരണങ്ങളിലൂടെ കേന്ദ്രഭരണക്കാരുടെ കണ്ണുതുറപ്പിക്കാനുളള പരിശ്രമത്തിലാണ് ഒരു ജനതയിപ്പോള്‍. പലപേരുകളില്‍ പല സംഘങ്ങളായി അവര്‍ ഈ പ്രവര്‍ത്തനത്തിലാണ്. അവര്‍ പാതയോരങ്ങളില്‍ യോഗങ്ങള്‍ ചേരുന്നു, പ്രതിഷേധത്തിന്റെ പോസ്റ്റ്കാര്‍ഡുകള്‍ അയക്കുന്നു. മരങ്ങളെ ആദരവോടെ കണ്ട പഴയ തലമുറയുടെ രീതികളെ ഉളളില്‍ കുടിയിരുത്തി മരച്ചുവട്ടില്‍ ഒപ്പു ശേഖരിക്കുന്നു. ഒപ്പുമരങ്ങളെന്നാണ് ഈ നല്ല മനുഷ്യര്‍ അവയ്ക്കിട്ടിരിക്കുന്ന പേര്.
കാസര്‍ഗോഡും, തിരുവനന്തപുരത്തും കേരളത്തില്‍ നിരവധിയായ ഇടങ്ങളിലും ഒപ്പുമരങ്ങളുണ്ടായിക്കഴിഞ്ഞു. രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആണ് തിരുവനന്തപുരത്തെ ഒപ്പുമരത്തില്‍ ആദ്യത്തെ ഒപ്പ് രേഖപ്പെടുത്തിയത്. ഇനി നമ്മുടെയെല്ലാം ഊഴമാണ്. കേരളമൊന്നാകെ ഈ കൊടിയ അനീതിയില്‍ പ്രതിഷേധിച്ചേ മതിയാകൂ. ഒപ്പുമരങ്ങളുടെ ചുവട്ടിലേക്ക് നമ്മളെല്ലാം കൂട്ടം കൂട്ടമായി എത്തുക. പ്രതികരിക്കുക, പ്രതിഷേധിക്കുക. ഇതാണ് അതിനുളള സമയം.
കേരള മോഡലും ഡല്‍ഹി മോഡലും
കേരള മോഡലും ഡല്‍ഹി മോഡലും
ആര്‍ വി ജി മേനോന്‍
”കേരളത്തിനു ഡല്‍ഹി മോഡല്‍ വികസനമാണ് വേണ്ടത്” എന്ന് ആദരണീയനായ ഒരു കേന്ദ്രമന്ത്രി പ്രസംഗിച്ചിരിക്കുന്നുപോല്‍! തിരഞ്ഞെടുപ്പ് സമയമല്ലേ, ആര്‍ക്കും എന്തും പറയാം എന്നുവച്ചു തള്ളിക്കളയാവുന്നതാണോ ഇക്കാര്യം? അങ്ങനെ ചെയ്യാമായിരുന്നു; പക്ഷേ ”കേരളത്തിനു വികസനം പോരാ; ഇടതുപക്ഷം വികസനവിരുദ്ധരാണ്” എന്നൊക്കെയുള്ള ‘ആരോപണങ്ങള്‍’ കൂടെക്കൂടെ ഉയരാറുള്ള സാഹചര്യത്തില്‍ ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്ന ഒരു പ്രസ്താവന തന്നെയാണ് ഇത്. എന്താണ് വികസനം? ആരുടെ വികസനമാണ് മുഖ്യം? തുടങ്ങിയ മൗലികമായ ചോദ്യങ്ങള്‍ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നില്ലെങ്കില്‍ ഇത്തരം അപകടകരമായ ഉദീരണങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും.
‘കേരള മോഡല്‍’ അല്ലെങ്കില്‍ ‘കേരളത്തിന്റെ വികസനാനുഭവം’ ധാരാളം കേട്ടിട്ടുണ്ട്. ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ വികസനത്തിന്റെ ഈ ‘ഡല്‍ഹി മോഡല്‍’ അത്ര തന്നെ പ്രസിദ്ധമല്ല. അതുകൊണ്ട് അതെന്താണെന്ന് പത്രങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ അതേപറ്റി ഊഹിക്കുകയേ നിവൃത്തിയുള്ളൂ. എന്തായിരിക്കാം വികസനരംഗത്തെ ഡല്‍ഹിയുടെ തനതു മുഖമുദ്രകള്‍? നാല്‍പതോ അമ്പതോ കൊല്ലം മുമ്പ് ഡല്‍ഹിയില്‍ പോയിട്ടുള്ളവര്‍ ഈയിടെയെങ്ങാനും അവിടെ ചെന്നുപെട്ടാല്‍ സ്ഥലജലഭ്രമം ഉണ്ടാകും എന്നുറപ്പാണ്. അത്രയ്ക്കങ്ങു മാറിപ്പോയിരിക്കുന്നു ഡല്‍ഹി, ശരിയാണ്. ആറും എട്ടും വരിപാതകള്‍. നോക്കുന്നിടത്തെല്ലാം ഫ്‌ളൈ ഓവറുകള്‍. മുംബെയുടെ അത്രയുമില്ലെങ്കിലും അത്യാവശ്യത്തിന് അംബരചുംബികള്‍. മാതൃകാപരമായൊരു മെട്രോ. വിശാലമായ പാര്‍ക്കുകളും നടപ്പാതകളും. വിശാലമായി പരന്നുകിടക്കുന്ന നഗരം.
ഒടുവില്‍ പറഞ്ഞതൊക്കെ പണ്ടേയുള്ളതാണ്. അതേപറ്റി തിരുവനന്തപുരമോ കേരളമോ അസൂയപ്പെട്ടിട്ടു കാര്യമില്ല. പരിമിതമായ സ്ഥലസൗകര്യവും ജനബാഹുല്യവും നമ്മുടെ അനിവാര്യതയാണ്. അത് കണക്കിലെടുത്തുകൊണ്ടുള്ള വികസനമേ നമുക്ക് പറ്റൂ. പക്ഷേ കണ്ണഞ്ചിക്കുന്ന മറ്റു സൗകര്യങ്ങളോ? കണക്കില്ലാതെയുള്ള മുതല്‍മുടക്കാണ് അതിന്റെയെല്ലാം തന്നെ അടിയിലുള്ളത്. 1982 ലെ ‘ഏഷ്യാഡ്’ ആയിരന്നു അതിന്റെ തുടക്കം. മെറ്റല്ലാം മാറ്റിവെച്ച് തലസ്ഥാനനഗരിയെ മോടിപിടിപ്പിക്കുന്നതിനും ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും രാജീവ്ഗാന്ധി മുന്‍ഗണന നല്‍കി. റോഡും ഫ്‌ളൈ ഓവറുകളും പ്രദര്‍ശനനഗരികളും മോഡല്‍ ‘വില്ലേജു’കളും ഒക്കെ അങ്ങനെ വന്നതാണ്. കമ്പി-സിമന്റ്-കോണ്‍ക്രീറ്റ് അധിഷ്ഠിത വികസനത്തിന്റെ കുഴലൂത്ത് ആയിരുന്നു അന്നു തുടങ്ങിയത്. കഴിഞ്ഞവര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് അതിന്റെ രണ്ടാം പതിപ്പായിരുന്നു. ഒന്നാം പതിപ്പിനെപ്പറ്റിയും പരാതികള്‍ ഉണ്ടായിരുന്നെങ്കിലും അഴിമതിയുടെ വിശ്വരൂപം പ്രകാശിതമായത് രണ്ടാം പതിപ്പിലായിരുന്നു. കൊള്ളമുതല്‍ പങ്കുവെയ്ക്കുന്നതിലെ കൊതിക്കെറുവുകൊണ്ടായാലും മാധ്യമരംഗത്തെ കിടമത്സരംകൊണ്ടായാലും ഇത്തവണ സംഗതി സീരിയസ് ആയിട്ടുണ്ട്. അന്വേഷണമായി, കേസായി, അറസ്റ്റും ആയി. ബാക്കിയൊക്കെ കാത്തിരുന്നു കാണാം.
വമ്പന്‍ കരാറുകളും അവയിലെ അഴിമതിയും മാത്രമല്ല പ്രശ്‌നം, വികസനത്തിലെ മുന്‍ഗണനകളും വേര്‍തിരിവുകളുമാണ് അടിസ്ഥാന പ്രശ്‌നം. രാജ്യത്തിന്റെ മൊത്തം വികസനത്തിന്, ദാരിദ്ര്യനിര്‍മാര്‍ജനത്തിന്, ആരോഗ്യസേവനത്തിന്, വിദ്യാഭ്യാസത്തിന്, വെള്ളവും വെളിച്ചവും എത്തിക്കുന്നതിന്, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഒക്കെ ചെലവാക്കേണ്ട തുകയാണ് ഇങ്ങനെ ആര്‍ഭാടത്തിനായി വകമാറ്റുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത്? മേല്‍ സൂചിപ്പിച്ച പല പദ്ധതികള്‍ക്കും പണം ഇല്ല എന്നു പറഞ്ഞ് അനുമതി നിഷേധിക്കുന്ന ധനകാര്യവകുപ്പും പ്ലാനിംഗ് കമ്മിഷനുമാണ് ഡല്‍ഹിയെ മോടിപിടിപ്പിക്കുന്നതിന് മടിയേതും കൂടാതെ മടിശീല തുറന്നുകൊടുക്കുന്നത്. ഡല്‍ഹിയില്‍ ഏതു സമയത്തുപോയാലും ഇത്തരം കൂറ്റന്‍ എടുപ്പുകള്‍ പണിയാനായി ബീഹാറില്‍ നിന്നും മറ്റും വന്നു കൂട്ടംകൂട്ടമായി താമസിക്കുന്ന കുടുംബങ്ങളുടെ ചേരികള്‍ കാണാം. കൊടും വെയിലിലും മരംകോച്ചുന്ന മഞ്ഞിലും തുറന്ന മൈതാനങ്ങള്‍ മാത്രമാണവര്‍ക്കു ശരണം. വെറും പ്ലാസ്റ്റിക് ഷീറ്റും വേസ്റ്റ് തകരഷീറ്റും കടലാസും മറ്റുമാണ് അവര്‍ക്ക് ആവരണം. മുലകുടിമാറാത്ത കൈക്കുഞ്ഞുങ്ങളുള്‍പ്പെടെയാണ് അവിടെ വാസം. തൊഴില്‍ സുരക്ഷാനിയമങ്ങളോ, വിദ്യാഭ്യാസ അവകാശനിയമമോ ഒന്നും അവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ബാധകമല്ല. പണിക്കിടെയുള്ള അപകടങ്ങളും അംഗഭംഗങ്ങളും മരണം തന്നെയും സാധാരണ. പോയതുപോയി, അത്രതന്നെ. പണി മുന്നോട്ടുപോകണം; സമയബന്ധിതമായി തീര്‍ക്കണം. മുതലാളിക്കു ലാഭം കിട്ടണം, അത്ര മാത്രമേ അവിടെ നോട്ടമുള്ളൂ.
എയര്‍പോര്‍ട്ടില്‍ നിന്ന് രാഷ്ട്രപതിഭവനിലേയ്ക്ക് ആനയിക്കപ്പെടുന്ന വിദേശ വി വി ഐ പികളുടെ കണ്ണില്‍ പെടാതെ ഈ ദൃശദൃശ്യങ്ങളെ മറയ്ക്കാന്‍ ഡല്‍ഹി ഭരണാധികാരികള്‍പെടുന്ന പാട് രസകരമാണ്. രാജ്ഘട്ടില്‍ പുഷ്പചക്രം സമര്‍പ്പിക്കാന്‍ പോകുമ്പോഴും ഈ ഏടാകൂടം അസൗകര്യം സൃഷ്ടിക്കും. ഭരണാധികാരികള്‍ക്ക് അതെല്ലാമാണ് തലവേദന. പക്ഷേ ഇങ്ങനത്തെ ക്യാമ്പുകളില്‍ ജീവിതം ഹോമിക്കുന്ന പാവപ്പെട്ടവര്‍ക്കോ? നിര്‍മാണമേഖലയെ വികസത്തിന്റെ ചാലകമാക്കുന്ന എല്ലാ വികസന മാതൃകകളും നേരിടുന്ന പ്രതിസന്ധിയാണിത്. ഗള്‍ഫ് രാജ്യങ്ങളിലും ഇതുണ്ട്. അവിടത്തെ സുഖസമൃദ്ധിയും ആഡംബരവും ഒക്കെ നഗരകേന്ദ്രിതമാണ്. ലേബര്‍ ക്യാമ്പുകളില്‍ ട്രെയിനിലെ ത്രീടയര്‍ പോലുള്ള സംവിധാനത്തില്‍ ഉറങ്ങിക്കഴിയുന്ന, 40 ഡിഗ്രിക്കടുത്തുള്ള ചൂടില്‍ പൊരി വെയിലത്ത് അത്യന്തം അപകടകരമായ സാഹചര്യങ്ങളില്‍ പണിയെടുത്തു ജീവിക്കുന്ന, നമ്മുടെ സാദാ പണിക്കാരെ ഗള്‍ഫ് രാജ്യക്കാര്‍ മനുഷ്യാവകാശമുള്ള പൗരന്‍മാരായി കാണുന്നില്ലല്ലോ. പണി തീര്‍ന്നാല്‍ നാടുവിടേണ്ടവരാണവര്‍. ഹ്രസ്വകാല കുടിയേറ്റപ്പണിക്കാര്‍. അവരുടെ ഭൂതവും ഭാവിയും നിര്‍മാണക്കമ്പനിക്കോ രാജ്യത്തിനോ പ്രശ്‌നമല്ല.
ഗള്‍ഫ് രാജ്യക്കാര്‍ക്ക് അങ്ങനെയൊക്കെ ചിന്തിക്കാം. പക്ഷേ അവര്‍ പൗരന്‍മാരായ മാതൃരാഷ്ട്രത്തിന് അങ്ങനെ ചിന്തിക്കാമോ? എങ്കിലും കേരളത്തിലും ഇപ്പോള്‍ വളര്‍ന്നുവരുന്ന സംസ്‌കാരം അതാണ്. കേരളത്തിലങ്ങോളമിങ്ങോളം നിര്‍മാണമേഖലയില്‍ പണിയെടുക്കുന്നവര്‍ ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും മറ്റും വരുന്നവരാണെന്നു നമുക്കൊക്കെ അറിയാം. അവര്‍ കുടുംബവുമായി വരുന്നില്ല എന്നിടത്തോളം മാത്രമേ ഡല്‍ഹിയുമായി വ്യത്യാസമുള്ളു. ഒരുപക്ഷേ അക്കാര്യത്തില്‍ നമുക്കു ഗള്‍ഫ് രാജ്യങ്ങളുമായാണു കൂടുതല്‍ സമാനത. എങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളത്രപോലും തൊഴില്‍ നിയമങ്ങള്‍ ഇവിടത്തെ കുടിയേറ്റത്തൊഴിലാളികള്‍ക്ക് ബാധകമാക്കാന്‍ നാം കൂട്ടാക്കിയിട്ടില്ല! എന്തെങ്കിലും ദുരന്തമുണ്ടായി ആരെങ്കിലും കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് നാം ഞെട്ടി ഉണരുക. ഉണര്‍ന്ന് എന്തൊക്കെയോ പിച്ചും പേയും പറയും. മനുഷ്യാവകാശം, തൊഴില്‍ നിയമം എന്നെല്ലാം. കുറച്ചുദിവസം കഴിഞ്ഞാല്‍ നാം വീണ്ടും ഉറക്കം നടിക്കും. കാര്യമായ ഒരു മാറ്റവും ഉണ്ടാകുന്നില്ല. ഉണ്ടാക്കണം എന്നു നമുക്ക് ആഗ്രഹവുമില്ല. അക്കൂട്ടത്തില്‍ മോഷ്ടാക്കളുണ്ടോ പിടിച്ചുപറിക്കാരുണ്ടോ ഭീകരവാദികളുണ്ടോ എന്നൊക്കെ മാത്രമേ നമുക്കു വേവലാതികളുള്ളു. അല്ലാതെ മനുഷ്യരെന്നനിലയില്‍ അവര്‍ക്കു കിട്ടുന്ന സുരക്ഷയെക്കുറിച്ചോ പെരുമാറ്റത്തെക്കുറിച്ചോ നമുക്കു യാതൊരു ഉത്കണ്ഠയുമില്ല. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബന്ധപ്പെട്ട ഒരു ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥന്റെ പ്രതികരണം രസാവഹമായിരുന്നു: ”നോക്കൂ. കേരളത്തിലെ തൊഴില്‍ നിയമങ്ങള്‍ കേരളത്തില്‍ പണിയെടുക്കുന്ന കേരളീയര്‍ക്കു മാത്രമേ ബാധകമുള്ളു!” അതുശരി. ഇവര്‍ വോട്ടവകാശമില്ലാത്ത നോണ്‍ കേരളീയര്‍ ആണല്ലോ!
ആ അര്‍ഥത്തില്‍ നാം ഡല്‍ഹി വികസനമാതൃകയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു കഴിഞ്ഞു എന്നു പറയാം. പക്ഷേ അത് നമ്മെ നാമാക്കിയ കേരളവികസന മാതൃകയുടെ അന്തഃസത്തയ്ക്കു കടകവിരുദ്ധമാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. സമ്പത്തും സമൃദ്ധിയും മുകളില്‍ നിന്നു താഴോട്ട് കിനിഞ്ഞിറങ്ങും എന്ന കണക്കൂകൂട്ടലില്‍ നിന്നു വ്യത്യസ്തമായി, താഴെത്തട്ടിലുള്ളവര്‍ക്ക് നേരിട്ട് സാമൂഹ്യസുരക്ഷ എത്തിക്കുക എന്നതായിരുന്നു കേരളമാതൃകയുടെ കാതല്‍. ഗാന്ധിജിയുടെ അന്ത്യോദയ തന്നെ. എല്ലാവര്‍ക്കും വീട്, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, ഭക്ഷ്യസുരക്ഷ, ഇതൊക്കെ അതിന്റെ അവിഭാജ്യഘടകങ്ങളത്രെ. അത്തരം വികസനം ശാശ്വതമാകണമെങ്കില്‍ അത് ഉത്പാദനാധിഷ്ഠിതം ആയേ പറ്റൂ. നിര്‍മാണാധിഷ്ഠിത വികസനം തീര്‍ച്ചയായും ഹ്രസ്വകാലാടിസ്ഥാനത്തില്‍ കൂടുതല്‍ മാദകമാണ്, ആകര്‍ഷണമാണ്. പക്ഷേ അതിന് നിലനില്‍പ്പില്ല. പണി കഴിഞ്ഞാല്‍ പണിക്കാര്‍ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങികൊള്ളണം. അവര്‍ മലയാളികളല്ലാ എന്നത് നമ്മുടെ മനോഭാവത്തിന് മാപ്പാകുന്നില്ല. സഹജീവികളെ ഉപയോഗിച്ചു വലിച്ചെറിയുന്ന ഒരു മനോഭാവമാണതു നമ്മില്‍ വളര്‍ത്തുന്നത്. അതു നശിപ്പിക്കുന്നത് മറ്റുള്ളവരെയാണെങ്കിലും ദുഷിപ്പിക്കുന്നതു നമ്മളെത്തന്നെയാണ്. സ്വന്തം സുഖം മാത്രം കണക്കിലെടുക്കുന്ന, മറ്റുള്ളവരെയെല്ലാം അതിനുള്ള ഉപകരണങ്ങളായി മാത്രം കാണുന്ന, പ്രായംചെന്നവരെ ചണ്ടികളായും ഉത്പാദനക്ഷമതയില്ലാത്തവരെ ബാധ്യതയായും കാണുന്ന ഒരുപറ്റം സ്വാര്‍ഥബുദ്ധികളായി നാം മാറിക്കൊണ്ടിരിക്കയല്ലേ?
അതാണ് കേരളമോഡലും ഡല്‍ഹിമോഡലും തമ്മിലുള്ള കാതലായ വ്യത്യാസം.
സുവര്‍ണകാലഘട്ടത്തിന്റെ തുടര്‍ച്ചയ്ക്ക്
സുവര്‍ണകാലഘട്ടത്തിന്റെ തുടര്‍ച്ചയ്ക്ക്
വി എസ് അച്യുതാനന്ദന്‍
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വലിയൊരു മാറ്റം കുറിക്കുന്നതാകും പതിമൂന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. 1977 മുതല്‍ ഇതേവരെ മുന്നണികള്‍ മാറിമാറി ഭൂരിപക്ഷം നേടുന്ന തരത്തില്‍ ചാഞ്ചാട്ടത്തിന്റെ ചരിത്രമാണ് ആവര്‍ത്തിക്കുന്നത്. ആദ്യമായി അത് മാറാന്‍ പോവുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുന്നതിന് പശ്ചാത്തലമൊരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലുണ്ടായ രണ്ട് മുന്നണി ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്‍മുന്നില്‍ കണ്ടവരാണ് മഹാഭൂരിപക്ഷം വോട്ടര്‍മാരും. 2001-2006ലെ യു ഡി എഫ് ഭരണത്തിന്റെ ദുരനുഭവങ്ങള്‍ ഒരു പേടിസ്വപ്നംപോലെ ജനങ്ങളുടെ മനസിലെത്തുന്നുണ്ട്. കടക്കെണിയും കര്‍ഷകആത്മഹത്യയും തൊഴിലില്ലായ്മയും തോട്ടങ്ങള്‍ അടച്ചുപൂട്ടലും പരമ്പരാഗത മേഖലയിലെ തകര്‍ച്ചയും കോളനികളിലെ പട്ടിണിമരണങ്ങളും പൊതുമേഖല അടച്ചിടലും വിറ്റഴിക്കലും അഴിമതിയും മാഫിയകളുടെ വിളയാട്ടവും പെണ്‍വാണിഭങ്ങളും ക്രമസമാധാന തകര്‍ച്ചയുമായിരുന്നു ആ അഞ്ച് കൊല്ലത്തെ അനുഭവം.
അതിനുശേഷംവന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ അനുഭവത്തിലുണ്ട്. കാര്‍ഷികമേഖലയിലോ വ്യവസായമേഖലയിലോ പരമ്പരാഗത തൊഴില്‍മേഖലകളിലോ തോട്ടംമേഖലയിലോ എവിടെയും അസ്വസ്ഥതകളില്ല. എല്ലാ മേഖലയിലും സമാധാനമാണ്. തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥ എവിടെയുമില്ല. ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ എവിടെയുമില്ല. എല്ലാ തൊഴില്‍മേഖലയിലും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ജീവിതപ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കാന്‍ കഴിഞ്ഞു. എല്ലാ മേഖലയിലും ആശ്വാസ-ക്ഷേമ നടപടികള്‍ സ്വീകരിക്കുക മാത്രമല്ല, സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തെ ഏറ്റവും വികസനോന്‍മുഖ സംസ്ഥാനമാക്കി കേരളത്തെ മാറ്റി. വികസനത്തെക്കുറിച്ച് അമേരിക്കന്‍ മോഡല്‍ അക്കാദമിക് പാണ്ഡിത്യം മാത്രമുള്ള പ്രധാനമന്ത്രിയും, ജനങ്ങളുമായും അവരുടെ ജീവിത സമരവുമായും ബന്ധമില്ലാത്ത രാഹുലും വികസനത്തെക്കുറിച്ച് പറയുന്ന അബദ്ധങ്ങള്‍ ജനങ്ങള്‍ പരിഹസിച്ചു തള്ളുകയാണെന്ന് അവരുടെയൊക്കെ പ്രസംഗസദസ്സുകള്‍ സാക്ഷ്യപ്പെടുത്തുന്നു. കാര്‍ഷിക-വ്യാവസായിക മേഖലകളെ സുസ്ഥിര വികസനത്തിലേക്ക് നയിക്കുകയും പുത്തന്‍ വികസന മേഖലകളായ ഐടി-ടൂറിസം എന്നിവയില്‍ മുന്നേറ്റം കുറിക്കുകയുമാണ് എല്‍ ഡി എഫ് ഗവണ്‍മെന്റ് ചെയ്തത്.
മുന്‍ ഭരണകാലത്ത് കേരളം വ്യവസായങ്ങളുടെ മരുപ്പറമ്പായി പരിണമിച്ചിരുന്നു. എന്നാല്‍ വിവിധ നടപടികള്‍ സ്വീകരിച്ച് വ്യവസായ വളര്‍ച്ചക്ക് അന്തരീക്ഷമൊരുക്കാന്‍ ഈ കാലയളവില്‍ സാധ്യമായി. പൂട്ടിയിട്ടിരുന്ന വ്യവസായശാലകള്‍ തുറന്നു. നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായങ്ങള്‍ ലാഭത്തിലാക്കി. കേന്ദ്ര പൊതുമേഖലയുമായി ചേര്‍ന്ന് നിരവധി സംയുക്ത സംരംഭങ്ങള്‍ തുടങ്ങി. പത്ത് പൊതുമേഖലാ വ്യവസായശാലകള്‍ പുതുതായി ആരംഭിച്ചു. 883 കോടി രൂപ ചെലവഴിച്ചുകൊണ്ട് പൊതുമേഖലാവ്യവസായങ്ങള്‍ നവീകരിക്കുകയും 70 കോടി രൂപ നഷ്ടത്തിലായിരുന്ന ഈ സ്ഥാപനങ്ങള്‍ മൊത്തം 240 കോടി രൂപ ലാഭമുണ്ടാക്കുന്ന സ്ഥിതിയിലെത്തിക്കുകയും ചെയ്തു. ചെറുകിട വ്യവസായമേഖലയിലും വന്‍കിട-ഇടത്തരം വ്യവസായ മേഖലകളിലുമായി ഒന്നേമുക്കാല്‍ ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിച്ചു. കയര്‍, കശുഅണ്ടി, കൈത്തറിമേഖലയില്‍ സര്‍ക്കാരിന്റെ സഹായം മൂന്ന് മടങ്ങോളമായി വര്‍ധിപ്പിക്കുകയും തൊഴിലില്ലായ്മ പൂര്‍ണമായി പരിഹരിക്കുകയും ചെയ്തു.
ഐ ടി, ടൂറിസം-മേഖലകളില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉണ്ടായത്. ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തിലും ഈ രണ്ട് മേഖലയിലും നല്ല മുന്നേറ്റമുണ്ടായി. ഐ ടി അടിസ്ഥാന സൗകര്യം അഞ്ച് മടങ്ങായി വര്‍ധിച്ചു. പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ടെക്‌നോപാര്‍ക്കിനും ഇന്‍ഫോപാര്‍ക്കിനും പുറമെ കോഴിക്കോട് കേന്ദ്രീകരിച്ച് സൈബര്‍പാര്‍ക്ക് സ്ഥാപിച്ചു. സൈബര്‍പാര്‍ക്കിന്റെ കീഴില്‍ കോഴിക്കോട്ടും കണ്ണൂരിലും കാസര്‍ക്കോട്ടും ഐ ടി പാര്‍ക്കുകളുടെ നിര്‍മ്മാണം തുടങ്ങി. കുണ്ടറയിലും ചേര്‍ത്തലയിലും കൊരട്ടിയിലും ഐടി പാര്‍ക്ക് ആരംഭിച്ചു. കേരളം കാത്തിരിക്കുന്ന സ്മാര്‍ട്‌സിറ്റി പദ്ധതി യാഥാര്‍ഥ്യമാവുകയാണ്. ഇന്‍ഫോപാര്‍ക്ക് വിട്ടുനല്‍കണം, എറണാകുളം ജില്ലയില്‍ മറ്റ് ഐ ടി പാര്‍ക്കുകള്‍ പാടില്ല, നൂറേക്കര്‍ ഭൂമി ഫ്രീഹോള്‍ഡ് നല്‍കണം, 33000 പേര്‍ക്കുമാത്രമേ തൊഴില്‍ നല്‍കാനാവൂ എന്നെല്ലാമുള്ള പഴയ വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് സ്മാര്‍ട്‌സിറ്റി നടപ്പാവുന്നത്. ഇത്ര സ്ഥലത്ത് ഐ.ടി ആവശ്യത്തിനുള്ള കെട്ടിടം വേണമെന്നും, അത് ഇന്നിന്ന കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കണമെന്നും കരാര്‍ ലംഘിച്ചാല്‍ ഭൂമി തിരിച്ചെടുക്കുമെന്നും വ്യവസ്ഥ ചെയ്തുകൊണ്ടാണ് ഇപ്പോള്‍ സ്മാര്‍ട്‌സിറ്റി നടപ്പാക്കുന്നത്. ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ തക്കവിധത്തില്‍ ഇന്‍ഫോപാര്‍ക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കുന്ന ഘട്ടത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് നടത്തിയ ശക്തമായ സമര്‍ദ്ദത്തെ തുടര്‍ന്ന് പാലക്കാട്ട് കോച്ച് ഫാക്ടറി അനുവദിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായി. കോച്ച് ഫാക്ടറിക്കാവശ്യമായ സ്ഥലം മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിരിക്കുകയാണ്. എന്നാല്‍, കോച്ച് ഫാക്ടറിയുടെ നിര്‍മാണപ്രവൃത്തി ആരംഭിക്കാന്‍ നടപടിയെടുക്കാതെ അനാസ്ഥ കാണിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം. കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് കഴിഞ്ഞ നാല് വര്‍ഷമായി നിരന്തരശ്രമം നടത്തിവരികയാണ്. അതിന്റെ ഫലമായി പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ അനുകൂല നിലപാടുണ്ടാക്കാന്‍ കഴിഞ്ഞു. എന്നാല്‍ കേന്ദ്ര-സംസ്ഥാന സംയുക്തസംരംഭമായി മെട്രോ പദ്ധതി നടപ്പാക്കണമെന്ന നമ്മുടെ ആവശ്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് വീതികൂട്ടല്‍, മേല്‍പ്പാലം നിര്‍മാണം എന്നീ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കുകയാണ്. കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിന് സ്ഥലം മുഴുവന്‍ ഏറ്റെടുക്കുകയും നിര്‍മാണ പ്രവൃത്തി തുടങ്ങുകയും ചെയ്തു.
വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് പശ്ചാത്തലമൊരുങ്ങിക്കഴിഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യവികസനം 450 കോടി രൂപ ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുകയാണ്. കോവളം മുതല്‍ നീലേശ്വരം വരെ ജലപാത വികസിപ്പിക്കുന്നതിനുള്ള പ്രവൃത്തികള്‍ വലിയൊരളവോളം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞു. കൊല്ലം – കോട്ടപ്പുറം ദേശീയ ജലപാത കമ്മിഷന്‍ ചെയ്തു.
പാവപ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുക, ഭവനരഹിത കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കുക, എല്ലാ കുടുംബത്തിനും വെള്ളവും വെളിച്ചവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിയും എം എന്‍ ലക്ഷംവീട് നവീകരണ പദ്ധതിയും രാജ്യത്തിനാകെ മാതൃകയാവുകയാണ്. വീട് വെക്കാന്‍ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുന്നു. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എല്ലാ കുടുംബത്തിനും വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം. മൂന്നു ലക്ഷത്തോളം ഭവനരഹിത കുടുംബങ്ങള്‍ക്ക് ഇതിനകംതന്നെ വീട് ലഭ്യമാക്കിക്കഴിഞ്ഞു. ഭൂമിയും വീടുമില്ലാത്ത രണ്ട് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാന്‍ നടപടിയെടുത്തു.
ഭൂരഹിതര്‍ക്ക് ഭൂമിലഭ്യമാക്കുന്നതില്‍ വമ്പിച്ച മുന്നേറ്റമാണ് ഈ കാലയളവിലുണ്ടായത്. ഒന്നരലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ക്ക് പട്ടയമോ കൈവശാവകാശരേഖയോ നല്‍കി. ഭൂമി അന്യാധീനപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്‍കുന്ന പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുന്നതില്‍ ഐതിഹാസികമായ മുന്നേറ്റമാണ് ഈ കാലയളവില്‍ ഉണ്ടായത്. മൂന്നാറില്‍മാത്രം പന്തീരായിരത്തില്‍പ്പരം ഏക്കര്‍ ഭൂമി വീണ്ടെടുത്തു.
എല്ലാ ഗ്രാമത്തിലും മാത്രമല്ല, എല്ലാ വീട്ടിലും വൈദ്യുതി എത്തുന്ന ആദ്യ സംസ്ഥാനവും കേരളമാണ്. ഏതാനും മാസങ്ങള്‍ക്കകം സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുകയാണ് നമ്മുടെ സംസ്ഥാനത്ത്. അതിന്റെ മുന്നോടിയായി പാലക്കാട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകള്‍ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലകളായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. കേന്ദ്ര വൈദ്യുതിവിഹിതം പകുതിയോളം കുറച്ചിട്ടും പവര്‍ക്കട്ടും ലോഡ്‌ഷെഡ്ഡിങ്ങുമില്ലാതെ അഞ്ച് വര്‍ഷവും മുന്നോട്ട് പോകാന്‍ കഴിഞ്ഞു. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാത്ത ഏക സംസ്ഥാനം. 204 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പാദിപ്പിക്കാനും 21ലക്ഷം പുതിയ കണക്ഷന്‍ നല്‍കാനും കഴിഞ്ഞു.
അനിശ്ചിതത്വത്തിലായിരുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച് മുപ്പത് ലക്ഷത്തോളം പേര്‍ക്ക് പുതുതായി കുടിവെള്ളമെത്തിക്കാന്‍ ജലവിഭവ വകുപ്പിന് സാധിച്ചു. 222 ചെറുകിട പദ്ധതികളും 69 വന്‍കിട കുടിവെള്ള പദ്ധതികളും പൂര്‍ത്തീകരിച്ച് ജലവിതരണരംഗത്ത് വലിയൊരു കുതിച്ചുചാട്ടംതന്നെയുണ്ടാക്കി. ക്രമസമാധാനത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനം കൈവരിക്കാനും ജനമൈത്രി പൊലീസ് സംവിധാനത്തിലൂടെ രാജ്യത്തിനാകെ മാതൃകകാട്ടാനും സാധിച്ചതിനുപുറമെ പൊലീസിനെ കാലാനുസൃതം നവീകരിക്കാനും കഴിഞ്ഞു.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടും വയല്‍നികത്തല്‍ തടഞ്ഞുകൊണ്ടും വനവിസ്തൃതി വര്‍ധിപ്പിച്ചുകൊണ്ടുമാണ് സംസ്ഥാനത്ത് സമഗ്രമായ വികസന പദ്ധതികള്‍ നടപ്പാക്കിയയെന്നത് അഭിമാനകരമാണ്. അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്തെ നിക്ഷിപ്ത വനഭൂമിയുടെ വിസ്തൃതി നാല് ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഒരേ സമയം കൃഷിയുടെയും വ്യവസായത്തിന്റെയും വനത്തിന്റെയും വിസ്തൃതി വര്‍ധിപ്പിച്ച അഞ്ചു വര്‍ഷമാണ് കടന്നുപോയത്. ഇത് പുതിയൊരു കേരള വികസന മാതൃകയാണ്.
ക്ഷേമനടപടികളുടെ കാര്യത്തിലും വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കാര്‍ഷിക-വ്യവസായികോല്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തിലും പുതിയ വികസനസംരംഭങ്ങളുടെ കാര്യത്തിലുമെല്ലാം മുമ്പെന്നത്തേക്കാളും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമാണ് പിന്നിടുന്നത്.
തൊഴിലില്ലായ്മയ്ക്ക് അറുതി വരുത്തുന്നതിന് ഐ ടി ഉള്‍പ്പെടെ സംഘടിത മേഖലയില്‍ അഞ്ച് ലക്ഷം ഉള്‍പ്പെടെ 25 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കുന്നു. ഇപ്പോള്‍ 400 രൂപയായി ഉയര്‍ത്തിയ ക്ഷേമപെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുക, അസംഘടിത മേഖലയിലും മൂന്നുമാസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധി തുടങ്ങി മുഴുവന്‍ കേരളീയരുടെയും ക്ഷേമവും സമഗ്രവികസനവും ഉറപ്പ് വരുത്തുന്ന പദ്ധതികളാണ് എല്‍ ഡി എഫ് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോ നവജാത ശിശുവിന്റെയും പേരില്‍ പതിനായിരം രൂപയുടെ സ്ഥിരനിക്ഷേപം നടത്തി ഭാവിസുരക്ഷ ഉറപ്പാക്കുന്നതിന് ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട കാര്യവും സ്മരണീയമാണ്.
അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെ ഒറ്റക്കെട്ടായി എല്‍ ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. എല്‍ ഡി എഫ് വിജയം ആവര്‍ത്തിക്കുന്നതിന് സാഹചര്യങ്ങള്‍ സജ്ജമായിരിക്കുന്നു. നല്ല ഭൂരിപക്ഷത്തോടെ വീണ്ടും എല്‍.ഡി.എഫ് അധികാരത്തിലെത്തും. ജനങ്ങള്‍ അതാണാഗ്രഹിക്കുന്നത്.
സുവര്‍ണ കാലഘട്ടത്തിന്റെ തുടര്‍ച്ച തടയുന്നതിന് ഡല്‍ഹിയില്‍നിന്ന് പണച്ചാക്കുകള്‍ മാത്രമല്ല വരുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന പേരില്‍ സോണിയയും മകനും മന്‍മോഹന്‍സിങ്ങും വന്ന് ജനാധിപത്യത്തെ വെല്ലുവിളിക്കുകയും പ്രബുദ്ധ കേരളത്തെ അവരുടെ അജ്ഞതകൊണ്ട് അപഹസിക്കുകയുമാണ്. അത് മനസിലാക്കിയാണ് ഈ ഹൈക്കമാന്റന്‍മാരെ കോണ്‍ഗ്രസ് അണികള്‍തന്നെ ഒറ്റപ്പെടുത്തിയത്.
‘ഇടത്തല്ല വലത്തല്ല നടുക്കല്ലെന്‍ സരസ്വതി വെളുത്ത താമരപ്പൂവില്‍ ഉറക്കമല്ല’
‘ഇടത്തല്ല വലത്തല്ല നടുക്കല്ലെന്‍ സരസ്വതി വെളുത്ത താമരപ്പൂവില്‍ ഉറക്കമല്ല’
കുരീപ്പുഴ ശ്രീകുമാര്‍
വി ടി കുമാരന്‍ മാസ്റ്ററുടെ കവിതകളെ കുറിച്ച് എഴുതാന്‍ തുടങ്ങിയപ്പോള്‍ സി അച്യുതമേനോന്റെ മനസ്സില്‍ തെളിഞ്ഞ ആദ്യത്തെവാക്ക് കടത്തനാടന്‍ കവി എന്നായിരുന്നു. കവിത പിറന്നതു തന്നെ ഒരു പക്ഷേ, കടത്തനാട്ടായിരിക്കാം. അതിനുള്ള സാധ്യതകളിലേയ്ക്ക് വെളിച്ചം വീശുന്ന ആയിരക്കണക്കിന് വാമൊഴി വഴക്കങ്ങളുള്ള ഹരിതഭൂമിയാണത്. അവിടെ മുളച്ചു കതിര്‍വീശിയ കരുത്താര്‍ന്ന ധാന്യച്ചെടിയാണ് വി ടി കുമാരന്‍ മാസ്റ്ററുടെ കവിത.
കടത്തനാടന്‍ കവിത പിറന്നത് കര്‍ഷകത്തൊഴിലാളികളായ അമ്മമാരുടെ മനസ്സിലാണ്. വയലുകളില്‍ നിന്നും കല്യാണക്കലവറകളിലേയ്ക്കും പൊതുസദസ്സിലേയും മുത്തും മുടിപ്പൊന്നും ചൂടിയ ആ കവിതകള്‍ പടര്‍ന്നു പന്തലിച്ചു. തണ്ണീര്‍പ്പന്തലിന്റെ തണുപ്പും നാദാപുരത്തിന്റെ നാദവും വടകരയുടെ വാത്സല്യവും കുറ്റിയാടിപ്പുഴയുടെ സൗന്ദര്യവും വയനാടന്‍ കാറ്റിന്റെ സാന്ത്വനവും ആ കവിതകളില്‍ നിറഞ്ഞുനിന്നു. കേരളത്തിലെ ആദ്യത്തെ ധീരവനിതയായ ഉണ്ണിയാര്‍ച്ചയും വേഷം മാറി പടനയിച്ച മതിലേരിക്കന്നിയും അങ്ങിനെയുണ്ടായി.
കവിതയുടെ ഉറുമിയും വാളും ശബ്ദമുഖരിതമാക്കിയ ആ മണ്ണിലാണ് കടത്തനാട്ട് മാധവി അമ്മയും പി ടി അബ്ദുള്‍ റഹ്മാനും പിറന്നത്. അവരുടെ തുടര്‍ച്ചയായാണ് കടമേരി ബാലകൃഷ്ണനും വിരാന്‍കുട്ടിയും ശിവദാസ് പുറമേരിയും കവിതയുടെ വൈവിധ്യമാര്‍ന്ന കൊടികളുയര്‍ത്തിയത്. അവിടെത്തന്നെയാണ് പീതാംബരന്‍ മാസ്റ്ററും, പവിത്രന്‍ തീകുനിയും, പി ആര്‍ രതീഷും, ശ്രീനി എടച്ചേരിയും, സജീവന്‍ മൊകേരിയും, ഗോപുനാരായണനും അശോകന്‍ മണിയൂരും, മോഹന്‍ദാസ് മൊകേരിയും അപര്‍ണ്ണ ചിത്രകവും വിമീഷ് മണിയൂരും സ്വന്തം കവിതയുടെ വിത്തു വിതച്ചത്. ഈ കാവ്യാകാശത്താണ് രക്തനക്ഷത്രശോഭയോടെ വി ടി കുമാരന്‍ മാസ്റ്റര്‍ ജ്വലിച്ചു നില്‍ക്കുന്നത്.
തൊഴിലാളി വര്‍ഗ സൗന്ദര്യ ശാസ്ത്രത്തിന്റെ ഊര്‍ജ്ജവും ഉള്‍ബോധവും നിറഞ്ഞു നില്‍ക്കുന്ന കവിതയാണ് വി ടി കുമാരന്‍ മാസ്റ്ററുടെ ‘എന്റെ സരസ്വതി’. ഇടത്തോ വലത്തോ നടുക്കോ അല്ല എന്റെ സരസ്വതി എന്നും അവള്‍ വെളുത്ത താമരപ്പൂവില്‍ ഉറക്കമല്ല എന്നും ഉറപ്പിച്ചു പറയുന്ന കവി സരസ്വതിയെ കുടിയിരുത്തുന്നത് തുടിക്കുന്ന ജനതയുടെ കരളിന്റെ കരളിലെ തുടുത്ത താമരപ്പൂവിലാണ്. പടകുറിച്ചൊരുങ്ങിയ പതിതരുടെ പത്മവ്യൂഹ നടുവിലെ കൊടിത്തണ്ടിലാണ് സരസ്വതിയുള്ളത്. വിരിയുന്ന താരുകളിലും വിടരുന്ന താരങ്ങളിലും അവളുടെ നോട്ടം വിരിഞ്ഞെത്തുന്നു. പ്രയത്‌ന സംസ്‌ക്കാരത്തിന്റെ ഈ സരസ്വതി ഒരുക്കിവച്ചിരിക്കുന്ന ചായം ലേശം കിട്ടുവാന്‍ വേണ്ടിയാണ് കവി തപസ്സു ചെയ്യുന്നത്.
കണ്ണന്‍ എന്ന കവിതയിലാകട്ടെ കടത്തനാടന്‍ കാവ്യഭംഗിയുടെ മുഴുവന്‍ പച്ചപ്പും കാണാം. അതിനോടൊപ്പം തലകുമ്പിടാന്‍ മടിക്കുന്ന കടത്തനാടന്‍ യത്‌നസൗന്ദര്യത്തിന്റെ ഉള്‍ക്കരുത്തും നമ്മള്‍ക്കു വായച്ചെടുക്കാം.
വോള്‍ഗയിലെ താമരപ്പൂക്കള്‍, നീലക്കടമ്പ് ഓണക്കിനാവുകള്‍ എന്നീ കവിതാ സമാഹാരങ്ങളും ചോരയും പൂക്കളും എന്ന പേരിലുള്ള വിവര്‍ത്തന സമാഹാരവും രണ്ടു ലേഖന സമാഹാരങ്ങളുമാണ് വി ടി കുമാരന്‍ മാസ്റ്ററുടേതായി നമുക്ക് ലഭിച്ചിട്ടുള്ളത്.
നീലക്കടമ്പിന്റെ അവതാരികയില്‍ പ്രസിദ്ധകവിയായ ജി കുമാരപിള്ള വി ടി കുമാരന്‍ മാസ്റ്ററുടെ കാവ്യഭാഷയെ മനുഷ്യസ്‌നേഹത്തിന്റെ സൗമ്യ മധുരമായ ഭാഷയെന്നു വിലയിരുത്തുന്നുണ്ട്. കേരളത്തിന്റെ ഉത്തരഭാഗത്തെ ഗ്രാമമൈതാനങ്ങളില്‍ വി ടി കുമാരന്‍ മാസ്റ്ററുടെ ശബ്ദം സ്വാതന്ത്ര്യപ്പിറവിയും തൊട്ടുമുമ്പും പിമ്പും അലയടിച്ചുവെന്നും അക്ഷരപ്പൊന്‍ദീപം കൊണ്ട് നാടിന്റെ ഇരുളകറ്റാം എന്നാശിച്ച കവിയാണെന്നും മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി കുറുപ്പു വിലയിരുത്തുന്നുണ്ട്. വി ടി കുമാരന്‍ മാസ്റ്റര്‍ ജീവിതത്തിന്റെ നേരെ ഉദാസീനത പുലര്‍ത്താന്‍ അനുവദിക്കാത്ത കവിയാണെന്ന് ഡോ സുകുമാര്‍ അഴീക്കോട് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിശേഷണങ്ങള്‍ക്കുമപ്പുറം വി ടി കുമാരന്‍ മാസ്റ്റര്‍ അഭിമാനിയായ, അധ്വാനിക്കുന്ന മനുഷ്യന്റെ സ്‌നേഹ കവിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കവിതകള്‍ വിളിച്ചുപറയുന്നുണ്ട്.
മുഴുപ്പട്ടിണിക്കാരെ വെടിവെച്ചുകൊല്ലുന്ന രാക്ഷസീയതയ്ക്കു നേരെ പാട്ടുകൊണ്ട് ബോംബെറിയാന്‍ പുതിയൊരു വാല്‍മീകി വേണമെന്നാഗ്രഹിച്ച കവിയായിരുന്നു വി ടി കുമാരന്‍ മാസ്റ്റര്‍. ബംഗാളം മരിക്കുമ്പള്‍ ആരുണ്ടു ജീവിക്കുന്നു, ബംഗാളം ജീവിക്കുമ്പോള്‍ ആരുണ്ടു മരിക്കുന്നു എന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പ്രാപ്തിയെ അഭിവാദ്യം ചെയ്തുകൊണ്ടെഴുതിയ വി ടി കുമാരന്‍ മാസ്റ്റര്‍ മനുഷ്യരാശിയുടെ മുഴുവന്‍ സ്വാതന്ത്ര്യത്തിന്റെയും വക്താവായിരുന്നു.
അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള കാലത്തെ കേരള സാഹിത്യ അക്കാദമി ക്യാമ്പില്‍ വച്ച് കണ്ടപ്പോള്‍ ഒരു യുവകവി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട മതിലേരിക്കണി എന്ന കാവ്യത്തെക്കുറിച്ച് അദ്ദേഹം വാചാലനായത് ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു.
ഇടതുപക്ഷം തന്നെ ഹൃദയപക്ഷം
ആലങ്കോട് ലീലാകൃഷ്ണന്‍
എന്റെ പക്ഷം
എന്‍റെ പക്ഷം
ഏപ്രില്‍ പതിമൂന്നിന് കേരളത്തിലെ ജനങ്ങള്‍ വീണ്ടും അവരുടെ വോട്ടവകാശം
വിനിയോഗിക്കുവാന്‍ പോകുകയാണ് . ഇന്ത്യന്‍ രാഷ്ട്രീയം വളരെയധികം ശ്രദ്ധയോടെ
നോക്കി കാണുന്ന ഒരു വിഭാഗമാണ് കേരളീയര്‍. അതുകൊണ്ട് തന്നെ ഇപ്രാവശ്യം
വോട്ടവകാശം വിനിയോഗിക്കാന്‍ അവര്‍ക്ക് അധികം തല പുന്ണാ ക്കേണ്ടി വരില്ല .
കാരണം കേന്ദ്രം ഭരിക്കുന്ന യു.പി.എ.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും കേരളം
ഭരിക്കുന്ന ഇടതുപക്ഷ മുന്നണിയുടെയും പ്രവര്‍ത്തനങ്ങള്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍
നമ്മുടെ മുന്നില്‍ വളരെ വിശാലമായി തന്നെ തുറന്നു വെച്ചിട്ടുണ്ട്.
കേന്ദ്രം ഭരിക്കുന്ന യു.പി.എ.സര്‍ക്കാര്‍ അഴിമതിക്കാരുടെയും കുത്തക മുതലാളിമാരുടെയും
കയ്യിലെ കളിപ്പാവയായി മാറിയിരിക്കുന്നു. നൂറ്റി എഴുപതാറു ലക്ഷം കോടി രൂപയുടെ
ടു ജി സ്പെക്ട്രം അഴിമതി ഇരുന്നൂറു കോടിയുടെ എസ് ബാന്‍ഡ് അഴിമതി ആദര്‍ശു
ഫ്ലാറ്റ് അഴിമതി കോമണ്‍ വെല്‍ത്ത് ഗൈംസ് അഴിമതി ഇപ്പോള്‍ വീക്ക് ലീക്സ് പുറത്തു വിട്ടിരിക്കുന്ന വിശ്വാസ വോട്ടില്‍ സര്‍ക്കാരിനു അനുകൂലമായി വോട്ട് ചെയ്യാന്‍ പണം നല്‍കി
എം.പി.മാരെ സ്വാധീനിച്ചു എന്നാ ആരോപണം തുടങ്ങി മന്ത്രിമാരെ നിയമിക്കുന്നതില്‍ അമേരിക്ക ഇടപെടുന്നു എന്ന് വരെയുള്ള ദേശ വിരുദ്ധ നിലപാടുകള്‍ ഒരു വശത്ത്.ദേശീയ
കുത്തകളെ സഹായിക്കാനായി പെട്രോളിന്‍റെ വില നിയന്ത്രണം അവര്‍ക്ക് തന്നെ നല്‍കിയത്
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങളുടെ മേല്‍ വീണ്ടും വീണ്ടും പ്രഹരമേല്‍പ്പിക്കുന്നതും നാം കണ്ടു. അത് പോലെ ഒരുപാട് ജനങ്ങളുടെ ജീവന്‍
നശിപ്പിച്ച ജീവിതം നിത്യ ദുരിതതിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ കീട നാശിനി നിരോധിക്കാന്‍
കേന്ദ്രം ഇനിയും തയ്യാറാവാത്തതും ജന വിരുദ്ധ നയത്തിന്‍റെ ഭാഗമായി നിലനില്‍ക്കുന്നു.
അവസാനമായി മംഗലാപുരം വിമാന ദുരന്ത ത്തിനു ഇരയായവരുടെ ഇന്‍ഷുറന്‍സ് തുക
അനുവദിക്കുന്നതിന് ഉപാധികള്‍ വെക്കുന്നതുവരെ കൊണ്ട് ചെന്നെത്തിച്ചു.
ഇനി കേരളത്തിലേക്ക് വന്നാലോ . ഇടമലയാര്‍ കേസില്‍ യു.ഡി.എഫിന്‍റെ പഴയ ഒരു
മന്ത്രി ജയിലഴിക്കുള്ളിലായിരിക്കുന്നു . അവരുടെ മറ്റൊരു നേതാവ് ഐസ് ക്രീം കേസില്‍ വീണ്ടും അന്വഷനത്തെ നേരിടാന്‍ പോവുന്നു. ജുഡിഷ്യറി യെ വിലക്ക് വാങ്ങി കേസ് ഒതുക്കി തീര്‍ത്തു എന്നാണ് കുഞ്ഞാലി കുട്ടിയുടെ ബന്ധു റൌഫ് വെളിപ്പെടുത്തിയിരിക്കുന്നത്. അതീവ ഗുരുതരമായ നടപടിയാണിത്. സാധാരണക്കാരന്‍റെ
അവസാന അതാനിയായ കോടതിയെ പോലും വരുതിയിലാക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ ശ്രമിക്കുന്നു. ഇവിടെയാണ് കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പ്രസക്തമാവുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കേരളത്തിന് നല്‍കിയ സംഭാവനകള്‍
വളരെ വിലപ്പെട്ടതാണ്. വല്ലാര്‍പാടം, സ്മാര്‍ട്ട് സിറ്റി , പൊന്നാനി ഫിഷിംഗ് ഹാര്‍ബര്‍ , ചമ്രവട്ടം പദ്ധതി അവശ ജനവിഭാഗതിനുള്ള പെന്‍ഷനുകള്‍ , കാര്‍ഷിക വികസന പദ്ധതികള്‍
പ്രവാസി ക്ഷേമനിധി , കണ്ണൂര്‍ വിമാനത്താവളം , ഇ.എം.എസ് . എം.എന്‍. ഭവന നിര്‍മാണ
പദ്ധതികളുടെ പരിഷ്ക്കാരവും നിര്‍മാണത്തിലുള്ള വേഗതയും ജനങ്ങള്‍ക്കാശ്വാസം നല്‍കി.
സ്വന്തമായി ഭൂമിയില്ലാത്ത പതിനായിരങ്ങള്‍ക്ക് പട്ടയങ്ങള്‍ നല്‍കി. ഇതെല്ലാം കൊണ്ട് തന്നെകേരളത്തിലെ ഇടത് പക്ഷ മുന്നണിയെ വളരെ പ്രതീക്ഷയോടെയാണ് കേരള ജനത
വീണ്ടും അധികാരത്തില്‍ കൊണ്ട് വരാന്‍ ഈ തിരെഞ്ഞടുപ്പിലും അരയും തലയും മുറുക്കി
പരിശ്രമിക്കുന്നത് എന്നാണ് എന്‍റെ പക്ഷം.
സത്യന്‍ മാറഞ്ചേരി
ദുബായ്
വാതില്‍ ഒരു വഴിയാണ് കണ്ടെത്താനുള്ള വഴി
കുരീപ്പുഴ ശ്രീകുമാര്‍
മലയാളത്തിലെ ചെറുമാസികകള്‍ക്ക് വായനക്കാരുടെ ഇടയില്‍ വളരെ സ്വീകാര്യതയാണുള്ളത്. വായിക്കുന്നവരില്‍ അധികംപേരും പ്രതികരിക്കാറുണ്ട് എന്നതും ഒരു സവിശേഷതയാണ്. അമ്പതുപൈസയുടെ ഒരു കാര്‍ഡില്‍ ഒരഭിപ്രായം എഴുതാത്തവരെ മേല്‍വിലാസപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നകാര്യം മിക്ക ചെറുമാസികകളും മുന്‍കൂട്ടിപ്പറയാറുണ്ട്. ഈ കൗതുകങ്ങളോട് പ്രതികരിക്കാതെ ഇരിക്കുകയാണ് ശരിയായ പ്രതികരണമെന്നു കരുതുന്ന സാംസ്‌കാരിക നായകരും നമ്മള്‍ക്കുണ്ട്.
ഇന്നും ഉണ്‍മയും തോര്‍ച്ചയും വിശകലനവുമടക്കം സ്വീകാര്യത ലഭിച്ചിട്ടുള്ള എല്ലാ സമാന്തര പ്രസിദ്ധീകരണങ്ങളും വര്‍ഗീയതയുടെ കാര്യത്തില്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. മതേതര രചനകള്‍ അവതരിപ്പിച്ചുകൊണ്ടാണ് അവര്‍ അതു സാധിക്കുന്നത്. പാഠഭേദം പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ പാര്‍ശ്വവല്‍കൃത ജനതയുടെ പതാക കൂടി പിടിക്കുന്നുണ്ട്. അപൂര്‍വം മാസികകള്‍ മാത്രമേ വര്‍ഗീയ ഗ്രാമങ്ങള്‍ ലക്ഷ്യം വച്ച് അവരുടെ ലാവണ്യ ധിഷണ വിനിയോഗിക്കാറുള്ളൂ.
അതുമാത്രമല്ല, മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ മുന്‍നിര പ്രസിദ്ധീകരണങ്ങള്‍ക്ക് പറയാന്‍ കഴിയാത്ത ചില ആശയങ്ങള്‍ ചെറു മാസികകള്‍ മുഖവുരയായിത്തന്നെ പറയാറുണ്ട്. കൊടുങ്കാറ്റുകള്‍ വന്‍ വൃക്ഷങ്ങളെയാണ് ബാധിക്കാറുള്ളത്. ചെറു സസ്യങ്ങള്‍ വലിയ വിപത്തുകളെ അതിജീവിക്കുക തന്നെ ചെയ്യും.
കുറച്ചു പ്രതികള്‍ മാത്രം പ്രചരിക്കുന്ന ഒരു യുവമാസികയാണ് ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാതില്‍. എന്‍ വിജയമോഹനന്‍ എന്ന യുവ കവിയാണ് ഈ മാസികയുടെ പത്രാധിപര്‍. വാതിലിന്റെ ഒരു ലക്കത്തിലെ പത്രാധിപക്കുറിപ്പ് ആരംഭിക്കുന്നത് നമ്മുടെ ജാതിക്കാരോട് എന്ന വാചകത്തോടെയാണ്. ‘നാറിയ ഈ മുദ്രാവാക്യം നമുക്കിടയിലൂടെ നട്ടെല്ലു നിവര്‍ത്തി മിനുങ്ങി നടക്കുകയാണ്. രഹസ്യമായും പരസ്യമായും ഈ മുദ്രാവാക്യത്തിന്റെ ലഹരിയില്‍ വീണുപോകുന്ന വിവരദോഷികളെക്കൊണ്ട് നാടു നിറയുന്നു’. ഇങ്ങനെയാണ് ആ പത്രാധിപക്കുറിപ്പ് തുടരുന്നത്.
ഈയൊരു തന്റേടം നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കോ മുഖ്യ സാംസ്‌കാരിക പ്രഭാഷകര്‍ക്കോ ഇല്ല. കേരളം കണ്ട എക്കാലത്തേയും മഹാമനീഷികള്‍ ജാതിമതപിശാചിനെതിരേ പോരാടിയതിന്റെ ഫലമാണ് നവീന മലയാള നാട്. പ്രത്യക്ഷത്തിലെങ്കിലും ജാതി ചോദിക്കാത്ത ഒരു നാടായി നമ്മുടെ നാട് മാറിയതിന്റെ പിന്നില്‍ ധീരതയുടെയും പീഡാനുഭവങ്ങളുടെയും ചരിത്രമുണ്ട്. അതില്ലാതാക്കുകയാണ് നമ്മുടെ ജാതിക്കാരോട് എന്ന മുദ്രാവാക്യം ചെയ്യുന്നത്. ഇതു കണ്ടെത്താനും ഉറക്കെപ്പറയാനും ഈ കുഞ്ഞുമാസികയ്ക്ക് കരളുറപ്പുണ്ടായിരിക്കുന്നു. നഷ്ടപ്പെടാനൊന്നുമില്ലാത്തതുകൊണ്ടാകാം ഇത്തരം സത്യദര്‍ശനങ്ങള്‍ പ്രകാശിതമാകുന്നത്.
ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ എന്നായിരുന്നു ഒരു കാലത്ത് പാടിയിരുന്നതെങ്കില്‍ ഇന്ന് ജാതിയേ ചോദിക്കാവൂ എന്ന തകര്‍ച്ചയില്‍ കേരളം എത്തിയിരിക്കുന്നു. ഇന്ത്യ ഒരു മതേതര രാജ്യമാകയാല്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ജാതിയും മതവും ഉപയോഗിക്കുന്നത് തെറ്റാണ്. അതു തെറ്റാണെന്നു തോന്നാന്‍ വര്‍ഗീയ സംഘടനകള്‍ ഇന്ത്യന്‍ ഭരണഘടനയിലോ ശിക്ഷാ നിയമങ്ങളിലോ വിശ്വസിച്ചിട്ടുവേണ്ടേ?
വാതില്‍ മാസിക മുഖത്താളില്‍ത്തന്നെ മറ്റൊരു ചിന്തയും മുന്നോട്ടു വയ്ക്കുന്നുണ്ട്. ”ദൈവത്തെ പ്രാര്‍ഥിക്കുവാന്‍ സംസ്‌കൃതവും അറബിയും ലാറ്റിനും സുറിയാനിയും തന്നെ വേണമെന്ന് ശഠിക്കുന്ന വിശ്വാസികളുടെ ദൈവങ്ങള്‍ക്ക് ഒരു ഭാഷ മാത്രമേ മനസ്സിലാവുകയുള്ളോ? എങ്കില്‍ ഈ ദൈവങ്ങള്‍ സര്‍വജ്ഞാനികളാകുന്നതെങ്ങനെ?”
സാഹിത്യത്തിനും സംസ്‌ക്കാരത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു മാസിക തീര്‍ച്ചയായും ചോദിക്കേണ്ട ചോദ്യമാണിത്. അബദ്ധധാരണകളെ ചോദ്യം ചെയ്യുന്നതിലൂടെയാണ് ശാസ്ത്രീയമായ ശരിയുത്തരങ്ങള്‍ ലഭിക്കുന്നത്. ഈ തിരിച്ചറിവാണ് വാതില്‍ മാസികയ്ക്കുള്ളത്. വാതില്‍ മാസികയുടെ മുദ്രാവാക്യം ‘വാതില്‍ ഒരു വഴിയാണ്. കടന്നുവരാനും കണ്ടെത്താനുമുള്ള വഴി’. അങ്ങനെയാണെങ്കില്‍ നമ്മുടെ ജാതിക്കാരെയും ദൈവ ഭാഷാ പരിമിതിയെയും കേരളത്തില്‍ ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുചിന്തയ്ക്ക് കേരളത്തില്‍ വലിയ വേരോട്ടം ലഭിച്ചിരുന്നു. മതമേതായാലും മനുഷ്യന്‍ നന്നാവുകയില്ലെന്നും സ്വന്തം മതത്തിലൂടെ മാത്രമേ നന്നാകാന്‍ കഴിയുകയുള്ളൂ എന്നും ഉറപ്പു വരുത്താനുള്ള കഠിന ശ്രമത്തിലാണ് കേരളത്തിലെ പൗരോഹിത്യം. ഒരു മതവും ഈ അന്ധതയില്‍ നിന്നു മോചിതമല്ല. ഒന്നിപ്പുകളില്‍ നിന്നും ഭിന്നിപ്പുകളിലേയ്ക്ക് കേരളീയരെ നയിക്കുകയാണ് മതങ്ങളും അവയുടെ അനുഗ്രഹമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും.
